തൃശൂർ: മദ്യലഹരിയിൽ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. തൃശൂരിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒതുക്കി നിർത്തിയിരുന്ന ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്.
ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ 4 പേർ അപകടനില തരണം ചെയ്തു. രവിശങ്കറിൻറെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ കൊട്ടേക്കാട് സെൻററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്.
ടാക്‌സിയിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാരുടെ ശ്രമം
മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിൻറെ ഭാര്യ മായ പറഞ്ഞു. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ. ഇടിച്ച വാഹനത്തിൻറെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവർ രാജൻ പറയുന്നു. ഒരു കാർ മുന്നിൽ വേഗതയിൽ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്.