നാട് കാണാനെത്തി, കൊവിഡ് ജീവനെടുത്തു; ഫ്രഞ്ച് പൗരന് കോട്ടയത്ത് അന്ത്യവിശ്രമം

 


കിടങ്ങൂർ: രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫ്രഞ്ച് പൗരന് അന്ത്യോപചാരവും ചിതയുമൊരുക്കി കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്. വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ ഫ്രഞ്ച് പൗരനായ മെഴ്സിയർ ജീൻ പെരേര (77) ന്യുമോണിയ ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ജീൻ പെരേര കഴിഞ്ഞ നാലിന് മരണപ്പെടുകയായിരുന്നു. എംബസി അധികൃതരുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം ഫ്രാൻസിലുള്ള ബന്ധുക്കളുടെ അനുമതിയോടെ ശവസംസ്‌കാരം ഇവിടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നെടുമ്പാശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. സർക്കാർ ഉത്തരവനുസരിച്ച് കളക്ടറുടെ നിർദേശപ്രകാരം കോട്ടയം തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങി.

കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലുള്ള വാതക ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കിടങ്ങൂർ പഞ്ചായത്തിൻ്റെ ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു റീത്ത് സമർപ്പിച്ചു. തുടർന്ന് ശവസംസ്കാരം നടത്തി. കോട്ടയം തഹസിൽദാർ അനിൽ കുമാർ, കിടങ്ങൂർ പോലീസ് എസ്എച്ച്ഒ ബിജു, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ലീഗൽ സർവ്വീസ് അതോറിറ്റി പ്രതിനിധി ഷൈജു കെ എ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ, കിടങ്ങൂർ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സനിൽ കുമാർ പി റ്റി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

أحدث أقدم