അയോധ്യ: റോഡിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തി പൊലീസിന് തലവേദനയുണ്ടാക്കുന്നവര്‍ ഏറെയാണ്. മിക്കവരും സോഷ്യല്‍ മീഡിയകളില്‍ കെെയടി നേടാനായിട്ടാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ഇപ്പോഴിതാ പൊലീസിനെ വട്ടം കറക്കിയ അഭ്യാസപ്രകടനം അരങ്ങേറിയത് റോഡിലല്ല, നദിയിലാണ്.
ഉത്തര്‍പ്രദേശിലെ പുണ്യ നദികളിലൊന്നായ സരയു നദിയിലൂടെ ബെെക്ക് ഓടിച്ച യുവാവാണ് പൊലീസിനെ കുഴപ്പിച്ചത്. വാഹനത്തിന്റെ ടാങ്കിന്റെ ലെവലില്‍ വെള്ളമുണ്ടായിരുന്നിട്ടും കൂസലില്ലാതെ ഇയാള്‍ വണ്ടിയോടിച്ചു. ഷര്‍ട്ട് പോലും ധരിക്കാതെയായിരുന്നു അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ കുളിക്കുന്നതിന്റെ ഇടയിലൂടെയായിരുന്നു യുവാവിന്റെ ബെെക്കോട്ടം.
യുവാവിന്റെ അഭ്യാസം കണ്ടുനിന്നയാള്‍ എടുത്ത വീഡിയോയാണ് വെെറലായത്. വീഡിയോ പ്രചരിച്ചതോടെ ബൈക്ക് ഓടിച്ചയാളിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ബൈക്ക് അഭ്യാസം, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, അധികൃതരുടെ നിര്‍ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നിങ്ങനെയുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ എത്തുന്ന സ്ഥലമാണ് അയോദ്ധ്യ. യുവാവിന്റെ പ്രവര്‍ത്തിയില്‍ കടുത്ത അമര്‍ഷമാണ് പരിസരവാസികള്‍ രേഖപ്പെടുത്തുന്നത്.