തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി . ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെ.എസ്.ഇ.ബിയുടെ നിര്‍ദേശം.
അടുത്ത തവണ മുതൽ ഇത് നിർബന്ധമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നൽകിയാൽ മതിയെന്നും നിർദ്ദേശത്തിൽ പറയുന്നു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കൾക്കും ബാധകമാണ്. നിലവിൽ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെ.എസ്.ഇ.ബി പറയുന്നു. പണം പിരിവ് പൂർണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.