ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി മാളുകള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളല്ലാത്ത എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക്ക് ധാരണം നിര്‍ബന്ധമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് നിര്‍ദ്ദേശം. ഇതുപ്രകാരം ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മാസ്‌ക്ക് ധാരണം നിര്‍ബന്ധമാണ്. ആരോഗ്യ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, സിനിമാ തിയറ്ററുകള്‍, സലൂണുകള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റൊറന്റുകള്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ദിവസങ്ങളിലായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങളെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ജൂലൈ ഏഴ് വ്യാഴാഴ്ച മുതല്‍ പള്ളികളില്‍ മാസ്‌ക്ക് ധാരണം നിര്‍ബന്ധമാണെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. തീരുമാനം വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് വാണിജ്യ മന്ത്രാലയവും.
പുതിയ സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ അവ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്ത് ഇതിനകം 17 ലക്ഷം പേരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസായി നാലാം ഡോസ് വാക്‌സിന്‍ കൂടി രാജ്യത്ത് നല്‍കിവരുന്നുണ്ട്. ഒന്നാം ബൂസ്റ്റര്‍ ഡോസ് എടുത്ത് നാലു മാസം പിന്നിടുന്നവര്‍ക്കാണ് ഇതിന് അവസരമുള്ളത്. സാനിറ്റൈസര്‍ ഉപയോഗം, കൈകള്‍ സോപ്പിട്ട് കഴുകല്‍, മറ്റുള്ളവരുമായി ശാരീരിക ബന്ധം ഒഴിവാക്കല്‍, ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയവയില്‍ നിന്ന് വിട്ടനില്‍ക്കല്‍ മുതലായ കാര്യങ്ങളില്‍ പ്രേേത്യക ജാഗ്രത പാലിക്കണം. അടച്ചിട്ട പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇഹ്ത്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
വരുന്ന ഏതാനും ആഴ്ചകളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് രാജ്യത്ത് വര്‍ധിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ അറിയിച്ചു. ലക്ഷണങ്ങളില്ലാതെ രോഗവാഹകരായി രാജ്യത്തിന് പുറത്തു നിന്ന് എത്തുന്ന യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്മ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. മുനാ അല്‍ മസ്ലമാനി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവുകള്‍ വരുത്തിയതും പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായും അവര്‍ അഭിപ്രായപ്പെട്ടു. മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന പക്ഷം, വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.