മിസ് കോസ്മോസ് ഇന്റർനാഷനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തനംതിട്ടക്കാരി


അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ ഒർലാണ്ടോയിൽ ജൂലൈ 4 മുതൽ 9 വരെ നടക്കുന്ന മിസ് കോസ്മോസ് ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ ഗായത്രി ശ്രീലത പങ്കെടുക്കും. കഴിഞ്ഞ ഓസ്റ്റിൽ മുംബൈയിൽ നടന്ന മത്സരത്തിൽ ഗായത്രിയെ മിസ് കോസ്മോസ് ഇന്ത്യയായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം മത്സരാർഥികളിൽനിന്ന് ഫൈനലിലെത്തിയ നൂറ്റമ്പതോളം പേരെ പിന്തള്ളിയാണു ഗായത്രി ജേതാവായത്. ഇതോടെ മിസ് കോസ്മോസ് ഇന്റർനാഷനലിൽ പങ്കെടുക്കാനുള്ള അർഹത നേടി.

ദ് ഇന്റർനാഷനൽ ഗ്ലാമര്‍ പ്രൊജക്ട്സ് (TIGP) എന്ന സംഘടന ആണു കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലെ പ്രാഥമിക മത്സരങ്ങൾ സംഘടിപ്പിച്ചത്. പ്രശസ്ത ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റലി നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. എൻജിനീയറിങ് ബിരുദധാരിയായ ഗായത്രി, ടാറ്റ മോട്ടോഴ്സിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. നർത്തകിയും കഥകളി കലാകാരിയുമായ ഗായത്രി ഇന്ത്യയിലും വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത ആൽബങ്ങളിലും ഏതാനും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ദുബായിൽ എൻജിനീയറായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീലതയുടെയും മകളാണ്. ഏക സഹോദരൻ ഗോപികൃഷ്ണൻ എൻജിനീയറിങ് വിദ്യാർഥിയാണ്.

1951 മുതൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന മിസ് കോസ്മോസ് ഇന്റർനാഷനൽ മത്സരത്തിൽ ഇത്തവണ ലോകരാജ്യങ്ങളെയും വിവിധ അമേരിക്കൻ സ്റ്റേറ്റുകളെയും പ്രതിനിധീകരിച്ചു നൂറിലധികം മത്സാരാർഥികൾ പങ്കെടുക്കും.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അംഗീകാരമുള്ള ക്രൗൺ ഗാർലാന്റ്സ് എൽഎൽസി എന്ന സംഘടനയാണു വർഷങ്ങളായി മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ 4 മുതൽ ഒർലാണ്ടോയിലെ ഓംനി റിസോർട് വേദികളിൽ നടക്കുന്ന പ്രാരംഭ റൗണ്ടുകൾക്കു ശേഷം ജുലൈ 8 ന് അമേരിക്കൻ സമയം 3 മണി മുതൽ ഈ വർഷത്തെ മിസ് കോസ്മോസ് ഇന്റർനാഷനൽ ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ ആരംഭിക്കും.
أحدث أقدم