അമുസ്ലിം മാധ്യമപ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍


മക്ക: ഇസ്ലാം മത വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ സഹായം നല്‍കിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു. അമേരിക്കക്കാരനായ ഒരു മാധ്യമ പ്രവര്‍ത്തകനെ മുസ്ലിം എന്ന വ്യാജേന മക്കയിലേക്ക് വാഹനത്തില്‍ കൊണ്ടുവന്നതിനാണ് നടപടി. ഇക്കഴിഞ്ഞ ഹജ്ജ് വേളയിലാണ് മാധ്യമ പ്രവര്‍ത്തകനെ നിയമം ലംഘിച്ച് മക്കയില്‍ പ്രവേശിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തന് മക്കയിലും അറഫയിലും എത്താനാണ് സൗദി പൗരന്‍ സഹായം നല്‍കിയതെന്നും പോലീസ് അറിയിച്ചു. 

മുസ്ലിങ്ങള്‍ക്കു മാത്രം പ്രവേശനാനുമതിയുള്ള ട്രാക്കിലൂടെ മുസ്ലിം അല്ലാത്ത മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മക്കയിലും പുണ്യ സ്ഥലങ്ങളിലും മുസ്ലിം ഇതര വിശ്വാസികള്‍ക്കുള്ള പ്രവേശന വിലക്ക് മറികടന്നാണ് യുഎസ് പൗരനെ മക്കയിലേക്ക് കടത്തിയത്. ഇത് വ്യക്തമായ നിയമ ലംഘനമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സൗദി പൗരനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പോലീസ് അറിയിച്ചു.

സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ച് മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെ പ്രവേശന വിലക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇക്കാര്യത്തിലുള്ള ഏതു നിയമ ലംഘനവും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവര്‍ക്കെതിരെര ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ചെന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളുടെ കേസും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു. ബന്ധപ്പെട്ട ഔദ്യോഗിക ഏജന്‍സികളില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെ മുസ്ലിംകള്‍ക്ക് മാത്രമായുള്ള പാതയിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

أحدث أقدم