തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്.
അതേസമയം, അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.