ഇടുക്കിയിൽ തോരാ മഴ: ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മൺഭിത്തി ഇടിഞ്ഞുവീണു; വീട്ടമ്മ മണ്ണിനടിയിൽ പെട്ടു


ഇടുക്കി: ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനിടെ പലയിടങ്ങളിലായി കാലവർഷക്കെടുതികൾ. മുരിക്കാശ്ശേരി, കാമാക്ഷി, അച്ചൻകാനം മേഖലകളിലാണ് പ്രധാനമായും നാശനഷ്ടങ്ങളുണ്ടായത്. മുരിക്കാശ്ശേരി പതിനാറാംകണ്ടം അമ്പലകുന്നിൽ മൺഭിത്തി ഇടിഞ്ഞുവീണു വീട് തകർന്നു. ചോട്ടുപുറം ഷോബിയുടെ വീട് ആണ് തകർന്നത്. ഇന്ന് രാവിലെ 6.45 ഓടെയാണ് ദുരന്തം ഉണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളുടെ മുകളിലേക്ക് കട്ടയും മണ്ണും വന്നുവീഴുകയായിരുന്നു. പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നു കുട്ടികളെയും മറ്റ്‌ അംഗങ്ങളെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാമാക്ഷി പഞ്ചായത്തിലെ ഇരുകുട്ടി വാർഡിലെ അച്ചൻകാനം ഭാഗത്തു സ്‌കറിയ കൊച്ചുപുരകിലിൻ്റെ വീട് ഇന്ന് വെളുപ്പിന് കനത്ത മഴയിൽ തകർന്നു. മണ്ണിനടിയിൽ പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരെ മറ്റൊരു വീട്ടിലേക്കു മാറ്റി. മരത്തിൻ്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് മറ്റു പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

أحدث أقدم