അടൂര്‍ എം സി റോഡില്‍ വീണ്ടും വാഹനാപകടം: ദമ്പതികള്‍ മരിച്ചു


 പത്തനംതിട്ട: എം സി റോഡില്‍ വീണ്ടും വാഹന അപകടം. രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പള്ളിക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി (66), ഭാര്യ ശോഭ (62) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖില്‍ രാജിനും (32) പരുക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തില്‍ യാത ചെയ്തിരുന്ന ചടയമംഗലം അനസ്സ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്കും പരിക്കേറ്റു.

മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. നിഖില്‍ രാജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും പരിക്കേറ്റ മറ്റുള്ളവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ പോലീസും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്‌സും കൊട്ടാരക്കര ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്നയുടനെ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. തുടര്‍ന്ന്, വാഹനം വശങ്ങളിലേക്ക് മാറ്റി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയര്‍ ഫോഴ്‌സ് റോഡ് ഗതാഗത യോഗ്യമാക്കി.

ഗ്രേഡ് അസ്സി: സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ രാമചന്ദ്രന്‍, ഫയര്‍ ആന്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സാനിഷ്, സാബു, ദീപേഷ്, സന്തോഷ് ജോര്‍ജ്, സൂരജ്, സുരേഷ് കുമാര്‍, രാജേഷ് എന്‍, എച്ച് ജി സജിമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തത്തില്‍ പങ്കെടുത്തു. എം സി റോഡില്‍ കുളക്കട, ഏനാത്ത്, അരമന പടി, ബെപാസ് തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തിടെ നിരവധി അപകടങ്ങളും ഇവയിലെല്ലാം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയത വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടികാണിച്ചിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന പരാതി നിലനില്‍ക്കുമ്പോള്‍ ദിനംപ്രതി ചെറുതും വലുതുമായ അപകടങ്ങളുടെ എണ്ണം കൂടുകയാണ്.

أحدث أقدم