സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു


തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

2018 ഒക്ടോബർ 27ന് പുലർച്ചെയാണു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാ​ഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.

അന്വേഷണം തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷവും 8 മാസവുമായി. ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഏതാനും ചില കാര്യങ്ങൾ കൂടി പരിശോധിച്ച് തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാനാണു തീരുമാനം. ആദ്യഘട്ട അന്വേഷണം തെറ്റിയെന്നാണു വിലയിരുത്തൽ. അതേസമയം, പൊലീസ് തെളിവു നശിപ്പിച്ചെന്നു സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. താൻ സ്വയം കത്തിച്ചെന്നു വരുത്താനാണു ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
أحدث أقدم