മങ്കി പോക്സിനെ പ്രതിരോധിക്കാൻ വസൂരി വാക്സിൻ; അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ


ബ്രസൽസ്: മങ്കി പോക്സ് കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടരുന്നതിനിടെ പ്രതിരോധ വാക്സിന് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ. വസൂരിയ്ക്ക് ഉപയോഗിക്കുന്ന വാക്സിനാണ് അടിയന്തര സാഹചര്യം പരിഗണിച്ച് മങ്കി പോക്സിന് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കന്നത്. ബവേറിയൻ നോര്‍ഡിക് എന്ന കമ്പനി ഉത്പാദിപ്പിക്കുന്ന ഇംവാനെക്സ് എന്ന പ്രതിരോധ കുത്തിവെയ്പ്പിനാണ് അംഗീകാരം. മരുന്നുത്പാദകരായ കമ്പനി തന്നെയാണ് അനുമതി ലഭിക്കുന്ന വിവരം പുറത്തു വിട്ടത്. 

മങ്കി പോക്സിനെ ആശങ്കപ്പെടേണ്ട ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് യൂറോപ്യൻ യൂണിയൻ നടപടി. ഡാനിഷ് കമ്പനിയുടെ വാക്സിന് അംഗീകാരം ലഭിക്കുന്നതോടെ രോഗം ഏറ്റവുമധികം ബാധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ക്കു പുറമെ ഐസ്ലൻഡ്, ലെയ്ഷെൻസ്റ്റൈൻ, യുഎസ് എന്നിവിടങ്ങളിലും വാക്സിൻ വിതരണം ചെയ്യാനാകും.

നിലവിൽ 72 രാജ്യങ്ങളിലായി 16,000ത്തിൽ അധികം പേര്‍ക്കാണ് മങ്കി പോക്സ് ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് രോഗബാധയെ ആഗോള അടിയന്തരാസ്ഥയായി പ്രഖ്യാപിച്ചത്. മുൻവ‍ര്‍ഷങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം പലവട്ടം പടര്‍ന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിലേയ്ക്ക് രോഗം പകരുന്നത്. നിലവിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്.

അതേസമയം, ഡാനിഷ് കമ്പനിയുടെ ഇംവാനെക്സ് വാക്സിന് യൂറോപ്യൻ യൂണിയൻ ഇതാദ്യമായല്ല അനുമതി നൽകുന്നത്. വസൂരി പ്രതിരോധത്തിനായി 2013 മുതൽ തന്നെ ഈ വാക്സിന് ഇയു അനുമതി നല്‍കിയിരുന്നു. മങ്കി പോക്സ് വൈറസും വസൂരി വൈറസും തമ്മിലുള്ള സമാനത മൂലം മങ്കി പോക്സിനും ഈ വാക്സിൻ ഉപകാരപ്പെട്ടേക്കും എന്നാണ് കരുതപ്പെടുന്നത്.

വസൂരി 1980ൽ തന്നെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ വസൂരിയെ അപേക്ഷിച്ച് രോഗതീവ്രതയും രോഗം പകരാനുള്ള സാധ്യതയും മങ്കി പോക്സിന് വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പനി, തലവദന, പേശികളിലെ വേദന, പുറം വേദന തുടങ്ങിയവയാണ് മങ്കി പോക്സിൻ്റെ ആദ്യ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങൾ അഞ്ച് ദിവസം വരെ നീണ്ടു നിൽക്കാം. തുടര്‍ന്ന് മുഖത്തും കൈകളിലും കാൽപാദങ്ങളും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും കുരുക്കള്‍ പ്രത്യേക്ഷപ്പെടും.

മെയ് മാസം മുതലാണ് ആഫ്രിക്കയ്ക്ക് പുറത്ത് പല രാജ്യങ്ങളിലും മങ്കി പോക്സ് പടരാൻ തുടങ്ങിയത്. അതേസമയം, മങ്കി പോക്സിനു മാത്രമായി ഏതെങ്കിലും മരുന്നുകള്‍ നിര്‍ദേശിക്കണോ എന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നിലവിൽ കേരളത്തിലെ മൂന്ന് കേസുകളടക്കം നാലു മങ്കി പോക്സ് കേസുകളാണ് ഇന്ത്യയിലുള്ളത്. വിദേശത്തു നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചത്. എന്നാൽ ഡൽഹിയിലെ മങ്കി പോക്സ് സ്ഥിരീകരിച്ച രോഗിയ്ക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ലെന്ന പ്രത്യേകതയുമുണ്ട്.

أحدث أقدم