കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി , വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും


ദില്ലി:  കോവിഡ് പ്രതിരോധ വാക്സിനുകളുടെ  ബൂസ്റ്റർ ഡോസ് സൗജന്യമാക്കി.18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകും..വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും.സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും. 18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് ഈ കാലപരിധിയിൽ വാക്സിൻ നൽകും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.

കരുതല്‍ ഡോസിനോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ; പണം പ്രശ്നമാകുന്നോ? അപകടമാകുമെന്ന് വിദഗ്ധർ

പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം. വാക്സിന്‍റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിൻ കണക്ക് പരിശോധിച്ചാൽ ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്.

ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കരുതൽ ഡോസ് വിതരണം അവതാളത്തിലാണ്. മണിപ്പൂരിൽ - 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തിൽ താഴെയാണ് കണക്ക്. ഹിമാചൽ പ്രദേശ് , ജമ്മു കശ്മീർ, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്.

ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കൊവിഡ് ഭീതി ഏറ്റവും ഉയർന്നു നിന്ന സമയത്താണ്. വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയുമാണ് അന്ന് പലരേയും വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ബഹുഭൂരിഭാഗം പേർക്കും സ്വയമോ, അടുത്ത ബന്ധുക്കൾക്കോ കൊവിഡ് ബാധിച്ച അനുഭവമുണ്ട്. ഭയം കുറഞ്ഞതാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്ന് കൊവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് അഭിപ്രായപ്പെടുന്നു.

 


أحدث أقدم