കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത് തന്റെ പർപ്പിൾ കളർ ലാപ് ടോപ്പ് തിരികെ വാങ്ങാനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രതിഷേധവുമായെത്തിയ യുവതി. മുൻ മന്ത്രി ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച് പരാതി നൽകിയ കേസിലെ ഇര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഇന്ന് രംഗത്ത് എത്തിയിരുന്നു. എന്നാൽ തെറ്റയിൽ വിഷയത്തിലെ തെളിവുകളും തന്റെ പല സ്വകാര്യ വിവരങ്ങളുമടങ്ങിയ തന്റെ ലാപ് ടോപ്പ് ഉമ്മൻ ചാണ്ടിയുടെ പക്കലുണ്ട് എന്നും അത് തിരികെ വാങ്ങാനാണ് എത്തിയത് എന്നുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ.
തനിക്ക് 2 കോടി രൂപ കിട്ടാനുണ്ട്, അത് കിട്ടാനാവശ്യമായ രേഖകൾ ആ ലാപ് ടോപ്പിലാണ്. മുൻപ് ലാപ് ടോപ്പ് തിരികെ ആവശ്യപ്പെട്ടപ്പോൾ ബെന്നി ബെഹന്നാനുമായി സംസാരിച്ച ശേഷം നൽകാം എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. അത് വാങ്ങാനാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിൽ നേരിട്ടെത്തിയത് എന്നും യുവതി പറഞ്ഞു. എന്നാൽ ലാപ് ടോപ്പ് എങ്ങനെ ഉമ്മൻ ചാണ്ടിയുടെ കയ്യിലെത്തി എന്ന ചോദ്യത്തിന് അതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു യുവതിയുടെ മറുപടി.
നേരത്തെ യുവതി പരാതിയുമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍ ജോസ് തെറ്റയില്‍ രാജിവച്ചൊഴിഞ്ഞിരുന്നു. ജോസ് തെറ്റയിലിന്റേത് എന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഈ കേസിന്റെ തെളിവുകളടങ്ങിയ ലാപ് ടോപ്പാണ് ഉമ്മൻ ചാണ്ടിയുടെ കയ്യിലുള്ളതെന്നാണ് യുവതി അവകാശപ്പെടുന്നത്.