ശ്രീലങ്ക, പാകിസ്ഥാൻ, ഇപ്പോൾ ചൈന; സാമ്പത്തിക പ്രതിസന്ധിയിൽ തെരുവിലിറങ്ങി ജനങ്ങൾ; ഇന്ത്യയ്ക്കും ഭീഷണിയാകുമോ?


ബെയ്ജിങ്: കൊവിഡും പിന്നാലെയുണ്ടായ യുദ്ധവും ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളേയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ ഉണ്ടായ ജനവികാരങ്ങളും പ്രധാനമന്ത്രിയും പ്രസിഡന്റും രാജ്യം വിട്ട് ഒളിച്ചോടേണ്ട അവസ്ഥയും ഇതുമൂലമുണ്ടായിരുന്നു. ഇപ്പോൾ, ചൈനയിലും ഭരണകൂടത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹെനാൻ പ്രവശ്യയിലെ ഷെങ്‌സോ നഗരത്തിൽ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണു വൻ ബഹുജന പ്രക്ഷോഭം ഉണ്ടായിരിക്കുന്നത്. പണത്തിന്റെ ലഭ്യതക്കുറവാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസക്കാലമായി ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുകയാണ്. നിരവധിയാളുകളുടെ അക്കൗണ്ടുകൾ പിടിച്ചെടുക്കുകയും മരവിപ്പിക്കുകയും അടക്കം ചെയ്തിരുന്നു.

ജനങ്ങൾ തെരുവിൽ ഇറങ്ങുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചൈനയിൽ നിന്നും പുറത്തുവരുന്ന രംഗങ്ങളും സാഹചര്യങ്ങളും ശ്രീലങ്കയോട് വളരെ സാമ്യമുള്ളതാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തേക്കുറിച്ച് വിശദമായി അറിയാം,

പ്രതിഷേധിക്കുന്നത് എന്തിന്?

ഏപ്രിൽ മാസം മുതൽ ചൈനയിലെ സെൻട്രൽ ഹെനാൻ പ്രവിശ്യയിലെ നാല് പ്രാദേശിക ബാങ്കുകൾ
തങ്ങളുടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾ മരവിപ്പിച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. കൊവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമാക്കുന്നതിന് ഇത് കാരണമാകുകയായിരുന്നു. പതിനായിരക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ ഉപജീവനത്തിനാണ് ഇത് ഭീഷണിയായിരിക്കുന്നത്.

ഏഷ്യാ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് ആറ് ബാങ്കുകളാണ് ഇത്തരത്തിൽ നിക്ഷേപരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇതിനെതിരെ പ്രതിഷേധം ശക്തമായി നടന്നുവരികയാണ്. പ്രക്ഷുബ്ധരായ നിക്ഷേപകർ ഹെനാൻ പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിൽ നിരവധി പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. അതേസമയം, ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ജൂലൈ 10 ഞായറാഴ്ച പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ചൈനയുടെ സെന്റ്രൽ ബാങ്കിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. കൊവിഡിന് ശേഷം ചൈന കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാകും ഇത് എന്നാണ് റിപ്പോർട്ട്.

أحدث أقدم