ന്യൂഡൽഹി: വീഡിയോകളിൽ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ഡ്രോണുകൾ കോവിഡ് കാലത്ത് മരുന്നുകളടക്കമുള്ള വസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിലേറെ വിപ്ലവകരമായി മനുഷ്യർക്ക് കയറാവുന്ന 'വരുണ' ഡ്രോൺ പരീക്ഷണം നടത്തിയിരിക്കുകയാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരീക്ഷണപ്പറക്കലിന്റെ വീഡിയോ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.
130 കിലോഗ്രാം ഭാരവുമായി 25 കിലോമീറ്റർ പറക്കാൻ കഴിയുന്ന ആദ്യത്തെ പൈലറ്റില്ലാത്ത, മനുഷ്യനെ വഹിക്കാവുന്ന ഡ്രോണാണ് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രദർശിപ്പിച്ചത്.
വരും വർഷങ്ങളിൽ ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ വേണമെന്ന് മന്ത്രി ജോതിരാധിത്യ സിന്ധ്യ മുമ്പ് പറഞ്ഞിരുന്നു. കേന്ദ്രസർക്കാറിന്റെ 12 മന്ത്രാലയങ്ങളും ഡ്രോൺ സർവീസുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡ്രോൺ പൈലറ്റാകാൻ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോൺ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോൺ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞിരുന്നു.
മൂന്നു ഘട്ടങ്ങളിലായാണ് ഡ്രോൺ സെക്ടറിനെ ഉയർത്തിക്കൊണ്ടു വരുന്നതെന്നും ആദ്യ ഘട്ടമായ ഡ്രോൺ നയം രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞിരുന്നു. രണ്ടാമത്തെ ഘട്ടം പ്രോത്സാഹനം നൽകുന്നതാണെന്നും പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എൽ.ഐ. (പ്രാഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ്‌സ്) വഴി ഈ ലക്ഷം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 2021 ആഗസ്റ്റ് 25ന് പുറത്തുവിട്ട ഡ്രോൺ ലിബറലൈസ്ഡ് നിയമത്തെ തുടർന്ന് സെപ്റ്റംബർ മുതൽ പി.എൽ.ഐ പദ്ധതി നടക്കുന്നുണ്ട്. മൂന്നാം ഘട്ടമായാണ് മന്ത്രാലയങ്ങൾ ഡ്രോൺ ഉപയോഗിക്കാൻ അവസരമൊരുക്കുന്നത് - മന്ത്രി അറിയിച്ചു. 2026 ഓടെ രാജ്യത്തെ ഡ്രോൺ ഇൻഡസ്ട്രിക്ക് 15,000 കോടി വിറ്റു വരവ് ഉണ്ടാകുമെന്ന് മന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പറഞ്ഞിരുന്നു