'കടുവ' (Kaduva) സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയക്കാൻ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശന്റെ ഉത്തരവ്. 'നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗ് വിവാദമായതിനെ തുടർന്നാണ് നടപടി.
വില്ലൻ കഥാപാത്രമായ വിവേക് ഒബ്‌റോയിയുടെ ജോസഫ് ചാണ്ടിയോട് നായകൻ കുര്യാച്ചൻ പറയുന്ന ഡയലോഗാണിത്. വില്ലന്റെ ഭാര്യയും മകളും ഭിന്നശേഷിക്കാരനായ മകനും കാറിൽ ഇരിക്കുന്ന രംഗമാണ്. കുട്ടികളോട് കുശലാന്വേഷണം നടത്തിയ ശേഷം നായകനും വില്ലനും തമ്മിലെ സംഭാഷണമായാണ് സിനിമയിലെ അവതരണം.
ഇത് ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലെന്ന നിരീക്ഷണത്തെ തുടർന്നാണ് കമ്മീഷൻ ഇടപെടൽ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ഡയലോഗ് വിവാദമായിരുന്നു.