പുരയിടത്തിൽ ഓടിയെത്തി മരത്തിൽ കയറി, ആളു കൂടിയപ്പോൾ എടുത്തുചാടി അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്


കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിൽ നിന്നും താഴേക്ക് ചാടിയ ഇതര സംസ്ഥാന സ്വദേശിക്ക് ഗുരുതര പരിക്ക്. ജാർഖണ്ഡ് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമലു എന്നാണ് ആശുപത്രി രേഖകളിൽ നൽകിയിരിക്കുന്ന പേര്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് വെള്ളയാംകുടിക്ക് സമീപം മന്തിക്കാനത്താണ് സംഭവം. ചെമ്മണ്ണിൽ ബേബി എന്നയാളുടെ പുരയിടത്തിലേയ്ക്ക് അതിക്രമിച്ച് കയറിയ ഇയാൾ വീട്ടുടമസ്ഥരെ കണ്ടയുടനെ സമീപത്ത് നിന്നിരുന്ന മരത്തിൽ ചാടിക്കയറുകയായിരുന്നു.

പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ അയൽവാസികളെ വിവരമറിയിച്ചു. ആളുകൾ ഓടിക്കൂടിയെങ്കിലും ഇയാൾ മരത്തിൽ നിന്നും ഇറങ്ങുവാൻ കൂട്ടാക്കിയില്ല. വിവരമറിഞ്ഞ് കട്ടപ്പനയിൽ നിന്നും പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇയാൾ വീണ്ടും കൂടുതൽ ഉയരത്തിലേയ്ക്ക് കയറി. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി യുവാവിനെ താഴെയിറക്കാനായി ഏണിയും വലയും സ്ഥാപിച്ചെങ്കിലും ഇയാൾ മറ്റൊരു ദിശയിലേയ്ക്ക് ചാടുകയായിരുന്നു.

താഴേയ്ക്ക് പതിക്കുന്നതിനിടയിൽ വീടിന്റെ ചിമ്മിനിയിൽ ഇടിച്ചാണ് പരിക്കേറ്റത്. കഴുത്തിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനായി ഏജന്റുമാർ വാടകയ്‌ക്കെടുത്ത വീട് മന്തിക്കാനത്തുണ്ട്. കട്ടപ്പനയിൽ നിന്നും തൊഴിലാളികളെ ഇങ്ങോട്ട് എത്തിക്കുന്നതിനിടയിൽ ഇയാൾ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി മരത്തിൽ കയറുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പോലീസും പറഞ്ഞു.

أحدث أقدم