പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി

ആലപ്പുഴ : ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി. വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി.
അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അജിത് ആരോപിച്ചു. ബന്ധുവിനെ അയൽവാസി മർദ്ദിച്ചതിനെതിരെ പരാതി നൽകാനാണ് അജിത് പി.വർഗീസ് സ്റ്റേഷനിലെത്തിയത്.

പരാതിയുടെ കൈപ്പറ്റ് രസീത് ചോദിച്ചപ്പോള്‍ കഴുത്തിൽ ഞെക്കിപ്പിടിച്ചെന്നും ഷർട്ടിന്റെ കോളറിൽ പിടിച്ച് ഞെരുക്കിയെന്നും അജിത് ആരോപിച്ചു.
തലയ്ക്ക് അടിക്കാൻ ശ്രമിക്കവേ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തിൽ അജിത് പി.വർഗീസ് ഡിവൈഎസ്‍പിക്ക് പരാതി നല്‍കി. അതേസമയം മര്‍ദ്ദിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ് വ്യക്തമാക്കി
أحدث أقدم