തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാക്കനാട് ഗവൺമെന്‍റ് പ്രസ്സിന്‍റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകും വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാൻ ശ്രമിക്കുക എന്നത് കോൺഗ്രസ് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. ആലപ്പുഴയിൽ നിന്നുള്ള ഒരു കോൺഗ്രസുകാരനാണ് അക്രമം നടത്തിയിരിക്കുന്നത് എന്നത് ഇതിന്‍റെ തെളിവാണ്.
കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീണ് ചില്ല് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇയാളുടെ കൈക്ക് പരിക്കേറ്റു. പിടിച്ചു മാറ്റിയ പോലീസുകാരന്‍റെ വിരലിന് പൊട്ടലുണ്ട്. കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ഉദ്ഘാടനചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീണ് ഗ്ലാസിലിടിക്കുകയായിരുന്നു.
ചെറിയ റോഡ് ആയതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങി ഇയ്യാളെ തടയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ഗ്ലാസില്‍ സോണി അടിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടി ഇയാളുടെ കൈയിലും പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സോണിയെ പിന്തിരിപ്പിച്ചത്.