വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം


ഒമാൻ: ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിൽ ആണ് മഴക്ക് സാധ്യത. അല്‍ഹജര്‍ പര്‍വത നിരകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കും. മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. പ്രദേശത്ത് പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച നഷ്ടപ്പെടും. മഴ വരുന്നതിനാൽ ആവശ്യമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും അദികൃതർ ആവശ്യപ്പെട്ടു.

മഴ ബാധിക്കുന്ന ഗവർണറേറ്റുകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാൻ ആവശ്യമായ ഒരുക്കങ്ങൾ തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബാദി ആവശ്യപ്പെട്ടിട്ടുണ്ട്. ഒമാൻ വാർത്ത ഏജൻസിയോട് അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. മെഡിക്കൽ ഉദ്യോഗസ്ഥർ, മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യത ഈ പ്രദേശത്ത് ഒരുക്കണം. വൈദ്യുതി മുടക്കം, വെള്ള തടസ്സങ്ങൾ,എന്നിവ സംഭവിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കണം. ഇതിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞു.

ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. അതുകൊണ്ട് തന്നെ കടലിൽ പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇനി പോകുന്നവർ ആവശ്യമായ മുൻകുരുതൽ നടപടികൾ സ്വീകരിക്കണം. വിവരങ്ങൾക്കായി വിവിധ അതോറിറ്റികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ വ്യാപന ഫലമായാണ് ഒമാനിൽ വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരുന്നത്.

أحدث أقدم