അനധികൃതമായി മണ്ണെടുക്കുന്ന ദൃശ്യം പകർത്തിയതിന് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ സ്ഥലം ഉടമ അറസ്റ്റിൽ


മൂവാറ്റുപുഴ: വീടിന് സമീപം മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെ മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ മർദ്ദിച്ച കേസിൽ അറസ്റ്റ്. സ്ഥലം ഉടമ അൻസാർ മർദ്ദിച്ചതായിട്ടാണ് പരാതി. മാറാടി കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം ജൂൺ 15 നായിരുന്നു സംഭവം. അക്ഷയയുടെ വീടിനോട് ചേർന്ന സ്ഥലത്തെ മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് പ്രതി ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതി അൻസാർ സമർപ്പിച്ച ജാമ്യ അപേക്ഷ ഇന്നലെ ജില്ലാ സെക്ഷൻസ് കോടതി തള്ളിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇടുക്കിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ പിടികൂടാതെ പോലീസ് നാടകം കളിക്കുകയായിരുന്നുവെന്നും പ്രതിയുടെ ജാമ്യ അപേക്ഷ കോടതി തളളിയതിന് ശേഷം പ്രതി മുവാറ്റുപുഴ ഡിവൈഎസ്‌പി ഓഫീസിൽ നേരിട്ട് എത്തി കീഴടങ്ങുകയുമായിരുന്നെന്നും യൂത്ത് കോൺഗ്രസ് നേതാവ് സമീർ കോണിക്കൽ പറഞ്ഞു. ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിനാൽ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നിരുന്നു.

ആരുമില്ലാത്ത സമയത്ത് മണ്ണെടുക്കുന്നത് പോലീസിനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ് ഞാന്‍ അതിന്റെ വീഡിയോ എടുത്തെന്ന് പെൺകുട്ടി പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോ എടുക്കാനായി താഴേക്ക് പോയി. അപ്പോഴാണ് വീഡിയോ എടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് സ്ഥലം ഉടമ അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതെന്ന് അക്ഷയ പറഞ്ഞിരുന്നു.

أحدث أقدم