പത്തനംതിട്ട: പുലർച്ചെ നാലിന് കൗമാരക്കാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത് ഉപദേശിക്കാനെന്ന് ബസ് വഴിയിൽ ഉപേക്ഷിച്ചു പോയ ഡ്രൈവർ. താനും പെൺകുട്ടിയുമായി അവിഹിത ബന്ധമൊന്നുമില്ലെന്നും പിടിയിലായ സ്വകാര്യ ബസ് ഡ്രൈവർ ഷിബിൻ മൂഴിയാർ പോലീസിന് മൊഴി നൽകി. മകളെ കടത്തിക്കൊണ്ടുപോയെന്ന മാതാവിന്റെ പരാതിയിൽ കോട്ടയത്തെ ലോഡ്ജിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഷിബിനാണ് വിചിത്രമായ മൊഴി നൽകിയത്.
സുഹൃത്തിൽ നിന്നും കടം വാങ്ങിയ 500 രൂപ ആയിരുന്നത്രേ ആങ്ങമൂഴിയില്‍ നിന്ന് പത്താം ക്ലാസുകാരിക്കൊപ്പം നാട് വിടുമ്പോൾ ആകെ കയ്യിൽ ഉണ്ടായിരുന്ന മൂലധനം. ആലപ്പുഴ, ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി കെ ആര് ഷിബിനൊപ്പം (33) ആണ് 15 കാരി നാടുവിട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ഷിബിന്‍ ഓടിക്കുന്ന ബസില്‍ കയറി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി അവസാനം വിളിച്ച നമ്പര്‍ എന്ന നിലയില്‍ മാതാവ് വിളിച്ചപ്പോള്‍ എടുത്തത് ഷിബിനാണ്. കുട്ടി തനിക്കൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഒന്ന് ഉപദേശിച്ച് രാവിലെ തന്നെ തിരികെ എത്തിക്കാമെന്നും പറഞ്ഞു. എന്നാൽ പിന്നീടും പല തവണ മാതാവ് ഷിബിനെ വിളിച്ചെങ്കിലും കിട്ടിയില്ല. പോകുന്ന വഴി സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞതു മൂലമാണിത് സംഭവിച്ചത്.
ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയിലെത്തിയപ്പോള്‍ കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ അവിടെ ഒരു ജ്വല്ലറിയില്‍ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇതിന് തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്തു. ഇതിനിടെ ഇരുവര്‍ക്കുമായുള്ള ലുക്കൗട്ട് നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് കണ്ട രണ്ടു വനിതകൾ കുട്ടിയെയും ഷിബിനെയും കണ്ട് സംശയം തോന്നുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു.
ഈ സമയം മൂഴിയാര്‍ ഇന്‍സ്പെക്ടര്‍ കെ എസ് ഗോപകുമാര്‍, എസ്ഐ കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷിബിനും കുട്ടിയും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഇതിനിടെയാണ് കോട്ടയത്തുണ്ടെന്ന വിവരം കിട്ടുന്നത്. ഉടൻ തന്നെ മൂഴിയാര്‍ പോലീസ് കോട്ടയത്ത് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. രാത്രി വൈകി പത്തനംതിട്ടയിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മാതാവിനൊപ്പം കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
കാമുകന് പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇരുവരെയും റാന്നി കോടതിയില്‍ ഹാജരാക്കും. ഷിബിന്‍ തന്റെ ശരീരത്ത് തൊട്ടിട്ടില്ലെന്നാണത്രേ പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴി അനുസരിച്ച് ഷിബിനെതിരെ പോക്സോ കേസ് എടുക്കാന്‍ കഴിയുമോ എന്നതിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇപ്പോൾ തട്ടിക്കൊണ്ട് പോകൽ അടക്കമാണ് കേസ് ചുമത്താൻ ആലോചിക്കുന്നത്.