'ദരിദ്രരുടെ സ്വപ്‌നവും പൂവണിയും; ഇത് പാവപ്പെട്ട ഓരോരുത്തരുടെയും നേട്ടം', രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുര്‍മു








ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 

'സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് രാഷ്ട്രപതിയാകുന്ന ആദ്യത്തെ വ്യക്തിയാണ് ഞാന്‍. സ്വാതന്ത്ര്യ സമര സേനാനികള്‍ കരുതിയ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. രാഷ്ട്രപതി സ്ഥാനത്ത് എത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല. രാജ്യത്തെ ഓരോ പാവപ്പെട്ടവരുടേയും നേട്ടമാണ്. രാജ്യത്തെ ദരിദ്രര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമല്ല, അത് യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും എന്നതിന്റെ തെളിവാണ് എന്റെ നാമനിര്‍ദേശം.'- രാഷ്ട്രപതി പറഞ്ഞു. 
'ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ വര്‍ഷങ്ങളോളം വികസനം ഇല്ലാതായ ആളുകള്‍ക്ക് എന്നെ അവരുടെ പ്രതിഫലനമായി കാണാന്‍ കഴിയുന്നു എന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു. എന്റെ നാമനിര്‍ദ്ദേശത്തിന് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, അത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ്'-രാഷ്ട്രപതി പറഞ്ഞു. 

പാര്‍ലമെന്റിോന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാവിലെ 10.14ന് ചീഫ് ജസ്റ്റിസ് എം വി രമണ ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 9.22ന് രഷ്ട്രപതി ഭവനിലെത്തിയ മുര്‍മു, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തില്‍ രാജ്‌കോട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ എത്തിയ ദ്രൗപതി മുര്‍മുവിനെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് സ്വീകരിച്ചു. 10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് 10.14ന് ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. 

സത്യപ്രതിജ്ഞയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
أحدث أقدم