ന്യൂഡല്‍ഹി: ചപ്പാത്തി പങ്കിടാന്‍ തയ്യാറാകത്തിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് 26കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി കരോള്‍ബാഗിലായിരുന്നു സംഭവം.
നാല്‍പ്പതുകാരനായ മുന്ന എന്നയാളാണ് കൊല്ലപ്പെട്ടത്. ആഗ്ര സ്വദേശിയായ ഫിറോസ് ഖാനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജൂലായ് 26ാം തീയതിയാണ് റോഡില്‍ ഒരാള്‍ ബോധമില്ലാതെ കിടക്കുന്നതായി വിവരം ലഭിച്ചു. നാട്ടുകാര്‍ തന്നെ ഇയാളെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഹോട്ടലില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം ഡ്രൈവറും മറ്റൊരാളും ചേര്‍ന്ന് ഓട്ടേയില്‍ നിന്ന് കഴിക്കുന്നതിനിടെ മദ്യപിച്ചെത്തിയ യുവാവ് ഇവരോട് ഭക്ഷണം ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ യുവാവിന് ഒരു ചപ്പാത്തി നല്‍കുകയും ചെയ്തു. അതുകഴിച്ച് കഴിഞ്ഞപ്പോള്‍ അടുത്ത ചപ്പാത്തി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ മുന്ന തയ്യാറായില്ല. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫിറോസ് ഖാന്‍ കുത്തുകയായിരുന്നെന്ന് സെന്‍്ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കരോള്‍ ബാഗില്‍ പാര്‍ക്കില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.