മക്ക: ഹജ്ജിന്റെ ആദ്യ ദിവസമായ ഇന്നലെ തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മക്ക അമീറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. 10 ലക്ഷം തീര്‍ഥാടകര്‍ മിനായില്‍ താമസിച്ച ഹജ്ജിന്റെ ആദ്യ ദിനത്തില്‍ ആര്‍ക്കും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് സന്തോഷകരമാണെന്നും അതിന് ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വലിയ മുന്‍കരുതലുകളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മിനായില്‍ എത്തിയതായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ഉണ്ടായ രണ്ട് വര്‍ഷവും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെങ്കിലും ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിക്കാന്‍ സാധിച്ചു. മാഹാമാരിയുടെ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ക്ക് അവസരം നല്‍കിക്കൊണഅടാണ് ഇത്തവണ ഹജ്ജ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, തീര്‍ഥാടകരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധ സ്ഥിരീകരിക്കുന്ന പക്ഷം അവരെ ഐസൊലേഷനിലേക്ക് മാറ്റുമെന്നും എന്നാല്‍ ഇവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി പ്രസിഡന്റുമായ ഡോ. ഹാനി ജോഖ്ദാര്‍ പറഞ്ഞു. സൗദി അറേബ്യ അടക്കം ലോക രാജ്യങ്ങളിലെല്ലാം ഇപ്പോഴും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കിടയിലും രോഗബാധയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.