കുളിക്കാനിറങ്ങി; കുളത്തിലെ പായലിൽ കുരുങ്ങി യുവാവ് മുങ്ങി മരിച്ചു





സജികുമാര്‍
 

തിരുവനന്തപുരം: കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പായലില്‍ കുരുങ്ങി മുങ്ങി മരിച്ചു. നഗരസഭയിലെ പള്ളിവിളാകം വാര്‍ഡിലെ തൊഴുക്കല്‍, കുഴിവിള, ഹാപ്പി വില്ലയില്‍ മണിയന്‍പിള്ളയുടെയും വത്സലയുടെയും മകന്‍ എം സജികുമാര്‍ (39) ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ  വെമ്പനിക്കര കുളത്തിലായിരുന്നു സംഭവം.  
കുളിക്കാനും തുണികള്‍ നനയ്ക്കാനുമായി കുളത്തില്‍ പോയതാണ്. തുണികള്‍ നനച്ചുവെച്ച ശേഷം കുളിക്കുന്നതിനിടെ കുളത്തിലെ പായലില്‍ കുരുങ്ങിപ്പോകുകയായിരുന്നു. സമീപത്തുള്ളവര്‍ നോക്കുമ്പോള്‍ കടവില്‍ തുണികള്‍ അലക്കിവെച്ചിട്ടുണ്ട്. എന്നാല്‍ സജികുമാറിനെ കണ്ടില്ല.

നാട്ടുകാരിലൊരാള്‍ കുളത്തിറങ്ങി തിരഞ്ഞപ്പോള്‍ സജികുമാര്‍ ഉടുത്തിരുന്ന തോര്‍ത്ത് കിട്ടി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിശമന സേനയില്‍ നിന്നു മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജികുമാറിന് നീന്താനറിയാം. എന്നാല്‍ കുളത്തില്‍ വളര്‍ന്നു നിറഞ്ഞ പായലിന്റെ വേരുകളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

പെയിന്റിങ് തൊഴിലാളിയാണ് സജികുമാർ അവിവാഹിതനാണ്.  നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.
أحدث أقدم