ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് അമ്മയുടെ പരാതി. കാറും ബാഗും കോടതിയങ്കണത്തിൽ നിന്ന് കണ്ടെത്തി. ആലപ്പുഴ ജില്ലാ കോടതിയിലെ വനിതാ അഭിഭാഷക ദേവി ആർ.രാജിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായത്. ദേവി ആർ.രാജിനെ കാണാതായത് സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിയെ കഴിഞ്ഞ ദിവസം കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആളെ കാണാതാവുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് പുറത്താക്കിയത്.
ലോയേഴ്സ് യൂണിയൻ നേതാവ് കൂടിയായ യുവ അഭിഭാഷകൻ സഹപ്രവർത്തകയോട് മോശമായി രീതിയിൽ പെരുമാറിയിരിന്നു. ഇത് ദേവി ചോദ്യം ചെയ്താണ് തർക്കത്തിലേക്കും തുടർന്ന് സംഘടനാ നടപടിയിലേക്കും നീങ്ങിയത്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.