മൂന്ന് വ‍ര്‍ഷത്തിനിടെ രണ്ടാം തവണ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ; ലോകത്തെ ആശങ്കപ്പെടുത്താൻ മങ്കി പോക്സ്


ജനീവ: ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സ് രോഗത്തെ ഇന്നലെയാണ് ലോകാരോഗ്യ സംഘടന ആശങ്കപ്പെടേണ്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ലോകം മുക്തമാകുന്നതിനു മുൻപാണ് വിവിധ രാജ്യങ്ങളിൽ മങ്കി പോക്സ് പടരുന്നത്. രോഗത്തെ ചെറുക്കാനായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.

ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അഥവാ Public Health Emergency of International Concern (PHEIC) ആയി ഒരു പ്രതിസന്ധിയെ പ്രഖ്യാപിക്കുമ്പോൾ പുതിയൊരു മഹാമാരി കൂടി രൂപപ്പെട്ടെന്ന അര്‍ത്ഥമില്ല. അന്താരാഷ്ട്രതലത്തിൽ കൂട്ടായ പ്രവര്‍ത്തനത്തിനായുള്ള ഒരു മുന്നറിയിപ്പായോ അടിയന്തര സന്ദേശമൊയോ ആണ് ഈ പ്രഖ്യാപനത്തെ കാണേണ്ടത്.

അന്താരാഷ്ട്ര തലത്തിലുള്ള രോഗപ്പകര്‍ച്ച വഴി മറ്റു രാജ്യങ്ങള്‍ക്ക് ഉണ്ടാകുന്ന പൊതുജനാരോഗ്യ ഭീഷണിയെ സൂചിപ്പിക്കാനും അന്താരാഷ്ട്രതലത്തിൽ കൂട്ടായ പ്രതികരണം ആവശ്യപ്പെടാനുമായി പ്രഖ്യാപിക്കുന്ന അസാധാരണ സംഭവം എന്നാണ് ഈ പ്രഖ്യാപനത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള ഗുരുതരമോ, പെട്ടെന്നുണ്ടാകുന്നതോ അസാധാരണമോ അപ്രതീക്ഷിതമോ ആയ ആരോഗ്യപ്രശ്നങ്ങളെയാണ് ഇത്തരത്തിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കാറുള്ളത്. ഈ പ്രഖ്യാപനത്തെ ഒരു മുന്നറിയിപ്പായോ നടപടിയെടുക്കാനുള്ള നിര്‍ദേശമായോ അവസാന ആശ്രയമായോ കണക്കാക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

2005ലെ ഇന്‍റര്‍നാഷണൽ ഹെൽത്ത് റെഗുലേഷൻസിലാണ് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്താണെന്ന് വ്യക്തമാക്കുന്നത്. 2002ലെ സാര്‍സ് രോഗബാധയ്ക്കു പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഈ ചട്ടങ്ങള്‍ രൂപപ്പെടുത്തിയത്. ഇതിനു ശേഷം ഏഴു തവണ ഈ പ്രഖ്യാപനം നടത്തേണ്ടതായി വന്നിട്ടുണ്ട്.

2020 ജനുവരി 30നായിരുന്നു കൊവിഡ് 19നെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇതിനു രണ്ടര വര്‍ഷത്തിനു ശേഷമാണ് മറ്റൊരു രോഗത്തെപ്പറ്റിയും ലോകാരോഗ്യ സംഘടന സമാനമായ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ മഹാമാരിയായ കൊവിഡിനോളം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് നിലവിൽ മങ്കി പോക്സ് എന്ന് അര്‍ഥമില്ല.

2009ൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്ന് പടര്‍ന്നു പിടിച്ച പന്നിപ്പനിയ്ക്കായിരുന്നു ഏറ്റവുമാദ്യം ഈ പ്രഖ്യാനം ആവശ്യമായി വന്നത്. ഇതിനു പിന്നാലെ 2014 മെയിൽ പോളിയോ രോഗബാധയെയും ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഇന്നും നിലവിലുണ്ട്. 2014ൽ തന്നെ എബോള രോഗബാധയയെയും 2016ൽ സിക്ക വൈറസിനെയും ആശങ്കപ്പെടേണ്ട ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു. 2018ൽ കിവു എബോള രോഗബാധയെയും ഇത്തരത്തിൽ പ്രഖ്യാപിച്ചിരുന്നു. 2014ൽ പോളിയോയ്ക്കു വേണ്ടി നടത്തിയ പ്രഖ്യാപനവും കൊവിഡും അടക്കം മൂന്ന് ആഗോള അടിയന്തരാവസ്ഥകളാണ് ഇപ്പോൾ നിലവിലുള്ളത്.

മങ്കി പോക്സിനെ ആശങ്കപ്പെടണോ

അന്താരാഷ്ട്രതലത്തിൽ മങ്കി പോക്സ് ഒരു പൊതുജനാരോഗ്യ പ്രശ്നമായി വളരുമെന്നും രോഗത്തെ നിയന്ത്രിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. എന്നാൽ കൊവിഡ് അടക്കമുള്ള രോഗങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും മങ്കി പോക്സ് വാക്സിൻ നിലവിലുണ്ടെന്നതുമാണ് ആശ്വാസം.

മുൻപ് ആഫ്രിക്കൻ രാജ്യങ്ങളിൽ പലവട്ടം മനുഷ്യരിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിൽ മങ്കി പോക്സ് പടര്‍ന്നു പിടിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളെയും വടക്കേ അമേരിക്കയയെയും ഇതിനോടകം മങ്കി പോക്സ് സാരമായി ബാധിച്ചിട്ടുണ്ട്.



മങ്കി പോക്സ് പ്രധാനമായും ബാധിക്കുന്നത് മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്ന പുരുഷന്മാരെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൂടാതെ കൂടുതൽ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്കും രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. എന്നാൽ രോഗമുള്ളവരുമായി അടുത്ത് ഇടപഴകുന്ന ആര്‍ക്കും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതേസമയം, രോഗത്തെ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ നൽകുന്ന വിശേഷണങ്ങൾ ലൈംഗികന്യൂനപക്ഷങ്ങൾക്കും ആഫ്രിക്കൻ വംശജര്‍ക്കും എതിരാണെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലൈംഗികജന്യ രോഗമാണെന്ന പ്രചാരണം രോഗനിയന്ത്രണത്തിലും പ്രതിരോധത്തിലും തിരിച്ചടിയാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജൻസീസ് പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കിള്‍ റയാൻ വ്യക്തമാക്കിയത്.

ആഗോളതലത്തിൽ ശരാശരി ആശങ്ക സൃഷ്ടിക്കുന്ന മങ്കി പോക്സ് യൂറോപ്യൻ മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ രോഗം പടര്‍ന്നു പിടിക്കാൻ സാധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ എല്ലാ രാജ്യങ്ങളിലുമായി 16,016 മങ്കി പോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 4132 കേസുകള്‍ കഴിഞ്ഞയാഴ്ച മാത്രം കണ്ടെത്തിയവയാണ്. 75 രാജ്യങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തി. 5 മരണങ്ങളും സ്ഥിരീകരിച്ചു. മൊത്തം കേസുകളിൽ 11,865 കേസുകള്‍ യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ്.

أحدث أقدم