'സജി ചെറിയാന് തെറ്റുപറ്റി, തത്ക്കാലം പുതിയ മന്ത്രിയില്ല': കോടിയേരി

 


തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാന്‍ രാജി വെച്ചത് സന്ദര്‍ഭോചിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

'മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് തീരുമാനിക്കും. സജി ചെറിയാന്‍ രാജിവെച്ചത് സന്ദര്‍ഭോചിതമായിട്ടാണ്. അദ്ദേഹം ഉയര്‍ത്തിപിടിച്ചത് ഉന്നത ജനാധിപത്യ മൂല്യം. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. വീഴ്ച സംഭവിച്ചെന്ന് സജി ചെറിയാന്‍ തന്നെ മനസിലാക്കി. സജി ചെറിയാന്‍ രാജി വെച്ചതോടെ പ്രശ്‌നങ്ങള്‍ അപ്രസക്തമായി', കോടിയേരി കൂട്ടിച്ചേര്‍ത്തു.

'ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പാര്‍ട്ടി ഭരണഘടനയിലുണ്ട്', കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു.
أحدث أقدم