കുട്ടികൾക്ക് ജന്മം നൽകൂ; ആനുകൂല്യങ്ങളുമായി ചൈന

 


ചൈന : ജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണ് ചൈന. ഒരു സമയത്ത് ജനസംഖ്യയായിരുന്നു ചൈനയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ജനസംഖ്യ കുറയ്ക്കാനായി ജനസംഖ്യാ നിയന്ത്രണം തന്നെ ചൈനീസ് ഗവൺമെൻ‌റ് കൊണ്ടുവരികയുണ്ടായി. എന്നാലിന്ന് ജനസംഖ്യകൂട്ടുവാനാണ് ചൈന ശ്രമിക്കുന്നത്. ജനസംഖ്യാനിയന്ത്രണം ഇല്ലാതാക്കുകയും ചെയ്തു. പ്രസവിക്കുന്ന സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. കടുത്ത ജനസംഖ്യാ നിയന്ത്രണത്തേ തുടർന്ന്  രാജ്യത്തെ ജനസംഖ്യ കുറയുമെന്ന ഘട്ടം വന്നു. രാജ്യത്തെ ജനസംഖ്യ തടയാൻ 'ഒറ്റ കുട്ടി നയ'വും നിർബന്ധിത ഗർഭഛിദ്രവും വന്ധീകരണവും മറ്റും നടപ്പാക്കിയിരുന്നു. ഇതിനേ തുടർന്ന് ചൈനയുടെ മാനവ വിഭവശേഷിയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഒരു സ്ത്രീ ഒന്നിൽ കൂടുതൽ അല്ലെങ്കിൽ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ചൈനീസ് ഭരണകൂടം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 2021 അവസാനത്തോടെ ചൈനയിൽ 141 കോടി ജനങ്ങളുണ്ടായിരുന്നു. എന്നാൽ ഇവിടെ ഇതേ വർഷം നവജാത ശിശുക്കളുടെ എണ്ണം 1.60 കോടിയായി കുറഞ്ഞു. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായിവരും. വുഹാനിൽ ജനസംഖ്യ വളരെ താഴ്ന്ന നിലയിലാണെന്ന് പറയപ്പെടുന്നു. ചൈനയിൽ ഇപ്പോൾ മരണത്തേക്കാൾ കുറഞ്ഞ അളവിൽ ജനനം സംഭവിക്കുന്നുവെന്നത് രാജ്യത്തെ ജനസംഖ്യ കുറയുന്നതിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞതാണ് പുതിയ നടപടികൾക്കു പിന്നിൽ. ജനന നിരക്ക് കുറഞ്ഞാൽ യുവാക്കളുടെ എണ്ണം കുറയും ഇത് ഭാവിയിൽ ചൈനയുടെ തൊഴിൽ ശക്തിയെ ഗണ്യമായി ബാധിക്കും.


വിവാഹിതരായ ദമ്പതികൾക്ക് മാത്രമാവും പുതിയ നടപടി പ്രകാരം കുഞ്ഞുണ്ടാവുന്നതിന് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയൊള്ളൂ. അവിവാഹിതരായ ദമ്പതികളോട് കാണിക്കുന്ന കടുത്ത വിവേചനമാണിതെന്ന് ഒരു വിഭാഗം വിമർശിക്കുന്നുണ്ട്. അവിവാഹിതരായ ദമ്പതികൾക്കുണ്ടാവുന്ന കുട്ടികൾ ചൈനയിൽ കടുത്ത വിവേചനം നേരിടുന്നതായി പല റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

ചൈനയിൽ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്നവരുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് മൂന്ന് കുട്ടികളെ അനുവദിക്കുന്ന തരത്തിൽ കുടുംബാസൂത്രണം ചൈന പുതുക്കിയത്. നടപടികൾ പലത് ഉണ്ടാവുന്നുണ്ടെങ്കിലും ഉയരുന്ന നാണ്യപ്പെരുപ്പവും ജീവിത ചെലവുകളും മൂലം കൂടുതൽ കുട്ടികളെ വളർത്തുന്നതിനോട് ജനങ്ങൾ പൊതുവേ അഭിമുഖ്യം കാട്ടുന്നില്ല.
أحدث أقدم