റിയാദ്: സൗദി അറേബ്യയില്‍ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് റിയാദ് വിമാനത്താവളത്തില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ വ്യക്തിക്ക് എല്ലാ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗ ബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരുടെ സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. എന്നാല്‍ അവരില്‍ ആര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികളും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യ വിഭാഗം സജ്ജമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും അധികൃതര്‍ അറിയിച്ചു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയില്‍ കുരങ്ങുവസൂരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരിലേക്ക് രോഗം പകരാം. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.