തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് വെറും എട്ടു മിനുട്ട് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വെച്ചു. ചോദ്യം ഉന്നയിക്കാതെ മന്ത്രി സജി ചെറിയാനെതിരെ മുദ്രാവാക്യം വിളിച്ചു. ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കറുടെ ചിത്രം അടക്കം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി ഇവിടെയുള്ള സാഹചര്യത്തില്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
സാധാരണ നടപടിക്രമം ചോദ്യോത്തരവേളയ്ക്ക് ശേഷമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. കക്ഷി നേതാക്കളുമായി ചര്‍ച്ച പോലും ചെയ്യാതെയാണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഭരണഘടനാശില്‍പ്പികളെ അവഹേളിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെ വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഭരണപക്ഷമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അതിനിടെ സമ്മേളിച്ചയുടന്‍ തന്നെ സഭ പിരിഞ്ഞതിനെ ന്യായീകരിച്ച് സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. ചോദ്യോത്തരവേളയിലെ ബഹളം മൂലം സഭാനടപടികള്‍ ഉപേക്ഷിച്ച കീഴ് വഴക്കം ഉണ്ടെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സഭ പിരിഞ്ഞതിനെ നിയമസഭ സെക്രട്ടേറിയറ്റും ന്യായീകരിച്ചു.