വിദേശത്തുനിന്ന് പണമയക്കുന്നത് പത്ത് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി







ന്യൂഡൽഹി :  വിദേശത്തുനിന്ന് പണമയക്കുന്നത് പത്ത് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി

 പണം നല്‍കി ഒത്തുതീര്‍പ്പാക്കാവുന്ന കുറ്റങ്ങളുടെ (കോമ്പൗണ്ടബിള്‍ ഒഫന്‍സ്) എണ്ണം ഏഴില്‍ നിന്ന് 12 ആക്കിയതുള്‍പ്പെടെ, എഫ്.സി.ആര്‍.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) നിയമത്തില്‍ ഏഴ് ഭേദഗതികള്‍ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 

ഇനി മുതല്‍ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ അവിടെനിന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് അയക്കുന്ന തുക പത്ത് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. നേരത്തേ ഇത് ഒരു ലക്ഷമായിരുന്നു. മുപ്പത് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കണമെന്നത് മൂന്ന് മാസമായി വര്‍ധിപ്പിക്കുകയും ചെയ്തു.

എഫ്.സി.ആര്‍.എ. നിയമത്തിലെ ആറാം ചട്ടത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വര്‍ധിപ്പിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എന്നാല്‍, 90 ദിവസത്തിനുശേഷം അറിയിച്ചാല്‍ അഞ്ച് ശതമാനം പിഴയടച്ചാല്‍ മതിയാകും.

 വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയം 45 ദിവസമാക്കി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 15 ദിവസമായിരുന്നു. ഇതിനായി ഒമ്പതാം ചട്ടത്തില്‍ ഭേദഗതി വരുത്തി. 

വിദേശ സംഭാവന സ്വീകരിക്കുന്നവര്‍ തുക, ലഭിച്ച തീയതി തുടങ്ങിയവ മൂന്നുമാസം കൂടുമ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനായി 13(ബി) ചട്ടം ഭേദഗതി ചെയ്തു. പകരം, ഔദ്യോഗിക വെബ്സൈറ്റിലോ സര്‍ക്കാര്‍ പറയുന്ന വെബ്സൈറ്റിലോ ഓഡിറ്റഡ് കണക്കുകള്‍ സാമ്പത്തികവര്‍ഷം തുടങ്ങി ഒമ്പതുമാസത്തിനകം പ്രസിദ്ധീകരിച്ചാല്‍ മതി.

വിദേശ സംഭാവന ലഭിച്ചാല്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കല്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍, വെബ്സൈറ്റില്‍ വിവരം പ്രസിദ്ധീകരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ..നേരത്തേ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റങ്ങളായിരുന്നു. ഇവ ഇപ്പോള്‍ പണമടച്ച് തീര്‍പ്പാക്കാവുന്ന കോമ്പൗണ്ടബിള്‍ കുറ്റങ്ങളാക്കി.



أحدث أقدم