മഹാരാഷ്ട്രയിൽ പെട്രോൾ, ഡീസൽ വില കുറച്ച് ഷിൻഡെ സർക്കാർ

 


മുംബൈ: ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ മഹാരാഷ്ട്രയിൽ പെട്രോൾ, ഡീസൽ വില കുറക്കാൻ തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ സർക്കാർ ഇന്ധനത്തിന്‍റെ വാറ്റ് നികുതി കുറയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജനക്ഷേമം മുന്നിൽ കണ്ടാണ് ശിവസേന- ബിജെപി സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് ഷിൻഡെ സർക്കാർ കുറച്ചത്. ഇന്ന് പെട്രോളിന് 111.47 രൂപയും ഡീസലിന് 95. 95 രൂപയുമാണ് ഇന്നത്തെ വില. ഇന്ധനവില കുറക്കുന്നതോടെ സർക്കാരിന് 6000 കോടി രൂപയുടെ നഷ്ടം ഒരു വർഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ പണപ്പെരുപ്പം കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഇന്ധനവില കുറക്കാൻ തീരുമാനിച്ചത്.

നേരത്തെ സംസ്ഥാനം ഭരിച്ചിരുന്ന മഹാവികാസ് ആഘാഡി ഇന്ധനവില കുറക്കാൻ തയ്യാറായില്ലെന്ന് ഏക്‌നാഥ്‌ ഷിൻഡെ കുറ്റപ്പെടുത്തി. കഴിഞ്ഞ നവംബർ നാല്, മെയ് 22 തീയതികളിൽ കേന്ദ്രസർക്കാർ വാറ്റ് കുറച്ചിരുന്നു. ഇന്ധനവില കുറക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഏക്നാഥ് ഷിൻഡെ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെടുത്ത ഏക്നാഥ് ഷിൻഡെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വീകരിച്ച ജനപ്രിയ നടപടിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.

أحدث أقدم