കൊച്ചി: യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതാണെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി.
ഷാര്‍ജയില്‍ നിന്ന് 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9- 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41 ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
എയര്‍ അറേബ്യ വിമാനം മുക്കാല്‍ മണിക്കൂറോളമാണ് നെടുമ്പാശേരി വിമാനത്താവളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയത്. രാത്രി 7.13 ന് ആയിരുന്നു വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്നത്. എന്നാല്‍, നെടുമ്പാശേരിയിലേക്കുള്ള യാത്രയില്‍ ലാന്‍ഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഗിയര്‍, ഫ്‌ളാപ്പ്, ബ്രേക്ക് ശൃംഖലയുമായി ബന്ധപ്പെട്ട ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഇതേതുടര്‍ന്ന്, 7.29 നാണ് ലാന്‍ഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്താരവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അടിയന്തര ഇറക്കല്‍ വേണ്ടി വന്നതിനാല്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. റണ്‍വേയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.