ഹാജരായില്ല, ഒളിവില്‍ പോയ വ്ലോ​ഗറെ അറസ്റ്റ് ചെയ്യാൻ നീക്കം




കൊല്ലം
: പുനലൂരില്‍ വനത്തില്‍ അതിക്രമിച്ചു കയറിയ വനിത വ്ലോ​ഗര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമല അനുവിനെ അറസ്റ്റ് ചെയ്യാന്‍ നീ്ക്കം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം ഉദ്യോഗസ്ഥന്‍ പുനലൂര്‍ വനം കോടതിയില്‍ വിശദറിപ്പോര്‍ട്ട് നല്‍കി.

നേരത്തെ, സംഭവത്തില്‍ അമല അനുവിനെതിരെ കേസ് എടുത്തിരുന്നു. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച്‌ കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അനുവിനെതിരെ ചുമത്തിയിരിക്കുന്നത്. 

എട്ടു മാസം മുന്‍പ് മാമ്പഴത്തറ വനമേഖലയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളുടെ പേരിലാണ് നടപടി.യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അജയകുമാറാണ് കേസെടുത്തിരിക്കുന്നത്.

പുനലൂരിനും തെന്മലയ്ക്കും ഇടയിലുള്ള സംരക്ഷിത വനമേഖലയിലൂടെ ഇവര്‍ യാത്ര ചെയ്യുകയും കാട്ടാന എവിടെയെന്നു കണ്ടെത്തിയശേഷം ആനയുടെ സമീപമെത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.

വ്ലോഗറെ കാട്ടാന ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുനലൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഷാനവാസിന്റെ നിര്‍ദേശപ്രകാരം വനം വന്യജീവി നിയമത്തിലെ മറ്റു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
أحدث أقدم