ജലനിരപ്പ് ഉയരുന്നു; അപകട സാധ്യതയും, അഞ്ചുരുളി ടണലിൽ നെഞ്ചിടിപ്പോടെ സഞ്ചാരികൾ


കട്ടപ്പന: ഹൈറേഞ്ചിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ അഞ്ചുരുളിയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ അപകട സാധ്യതയും വർധിച്ചു. തുരങ്കമുഖത്തേയ്ക്ക് പോകുന്ന വഴിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കഴിഞ്ഞ വർഷം കനത്ത മഴയിൽ തകർന്ന കോൺക്രീറ്റ് റോഡ് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. ഹൈറേഞ്ചിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ് അഞ്ചുരുളി തടാകം. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അപകട സാധ്യതകളും ഇവിടുത്തെ ടൂറിസത്തിന് എന്നും തലവേദനയാണ്. 

 

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തുരങ്കത്തിലൂടെയുള്ള നീരൊഴുക്കും ശക്തിപ്പെട്ടു. ഇതിന് പിന്നാലെയാണ് തുരങ്കമുഖത്തേയ്ക്ക് കടക്കുന്ന നടപ്പു വഴിയിൽ മണ്ണിടിച്ചിൽ രൂക്ഷമായത്. സംരക്ഷണ വേലി ഉറപ്പിച്ചിരിക്കുന്ന മണ്ണ് പല ഭാഗത്തും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. വഴിയുടെ വശത്തെ ഉയർന്ന് നിൽക്കുന്ന മൺതിട്ടയും ഏതു സമയവും ഇടിയാം. തടാകകരയിലേയ്ക്ക് ഇറങ്ങുവാൻ നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഒരു ഭാഗം കഴിഞ്ഞ കാലവർഷത്തിൽ തകർന്നിരുന്നു. ഇത് പുന:സ്ഥാപിക്കുവാൻ കാഞ്ചിയാർ പഞ്ചായത്ത് തയ്യാറായിരുന്നുവെങ്കിലും വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല.

മണ്ണിടിച്ചിലിന് പുറമേ ഉരുൾപ്പൊട്ടൽ സാധ്യതയും ടൂറിസത്തിന് ഭീഷണിയാണ്. കഴിഞ്ഞ വർഷം ഇവിടെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിന് സമീപത്തായി ഉരുൾ പൊട്ടിയിരുന്നു. മാസത്തിൽ ആയിരക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന അഞ്ചുരുളിയിൽ മതിയായ സുരക്ഷ ഒരുക്കുന്നതിന് ബഡപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തുള്ളവരുടെ ആവശ്യം. അതേ സമയം ബഫർസോൺ ഉത്തരവ് അഞ്ചുരുളി ടൂറിസത്തെ എങ്ങനെ ബാധിക്കുമെന്നതും ചർച്ചയായിട്ടുണ്ട്.

കക്കാട്ടുകടയിൽ നിന്നും അഞ്ചുരുളിയിലേയ്ക്കുള്ള 5 കിലോമീറ്റർ ദൂരത്തിൽ വഴിയിലുടെ നീളം നിൽക്കുന്ന വൻമരങ്ങളും യാത്രക്കാർക്ക് ഭീഷണിയാണ്. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലാണ് ഭീമൻ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. ചിലത് ഏത് നിമിഷവും നിലംപതിച്ചേക്കാം. ഏതാനും നാളുകൾക്ക് മുൻപ് അഞ്ചുരുളി പാതയിൽ വൻമരം കടപുഴകി വീണ് മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചിരുന്നു. മരങ്ങൾ മുറിച്ച് നീക്കി അപകടം ഒഴിവാക്കാൻ ഉടമകൾ തയ്യാറാണെങ്കിലും വനം വകുപ്പിനെ ഭയന്നാണ് ഇവർ അതിന് മുതിരാത്തത്. 

 


أحدث أقدم