തായ്പേയ്: തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് പങ്കെടുക്കുന്നത്. അമേരിക്കയും ജി-ഏഴ് (G-7) രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാൻ ദ്വീപിന്റെ നാലുപാടു നിന്നും അനവധി ബാലിസ്റ്റിക് മിസൈലുകളാണ് ചൈനീസ് സൈന്യം തൊടുത്തത്. തായ്‌വാൻ അതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ കടലിൽ മിസൈലുകൾ പതിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ ആയുധപ്രയോഗം തായ്‌വാൻ ദ്വീപിനെ വിറപ്പിച്ചു.
ഇന്നലെ തന്നെ തുടങ്ങിയ സൈനികാഭ്യാസം ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നാണ്. അഞ്ച് നാൾ തുടരുമെന്നാണ് അറിയിപ്പ്. തായ‍്‍വാന് ചുറ്റിനുമുള്ള ആറ് കേന്ദ്രങ്ങളിൽ നടക്കുന്ന ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിച്ചു. കമ്പനികൾ കപ്പലുകൾ വഴി തിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തായ‍്‍വാൻ കുറ്റപ്പെടുത്തി. അമേരിക്കയും ജി-ഏഴ് രാജ്യങ്ങളും ചൈനീസ് നീക്കത്തെ അപലപിച്ചു. തായ‍്‍വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈന തിരിച്ചടിച്ചു.
ചൈനീസ് ഹാക്കർമാർ തായ്‌വാന്റെ പ്രതിരോധ വെബ്‌സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു തകർത്തു. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കും എന്നുമാണ് തായ്‌വാന്റെ പ്രതികരണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ‍്‍വാൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം.
ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് തായ‍്‍വാൻ സന്ദർശിച്ച യുഎസ് ഉപരിസഭ സ്പീക്കർ നാൻസി പെലൊസിയിലൂടെ അമേരിക്ക നടത്തിയ നീക്കമാണ് ചൈനയെ പ്രകോപിപ്പിച്ചത്. നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്‌വാനിൽ ഇടപെട്ടാൽ അത് ' തീ കൊണ്ടുള്ള കളി' ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നൽകി. ഇതിനുപിന്നാലെയാണ് പെലൊസി തായ‍്‍വാനിൽ എത്തിയത്. 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി.
രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍്‍വാന്റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു. ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം. പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ‍്‍വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്.