പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം; 7 പേർ പിടിയിൽ


കട്ടപ്പന: ചാരായവിൽപ്പന അന്വേഷിക്കാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ചെറുതോണി പ്ലാക്കൽ റെജി (46), പ്ലാക്കൽ ബിജു (49), പുളിക്കൽ ഷിജോ (30), വലിയമറ്റം രാജേഷ് (41), പാറയ്ക്കൽ സജി(40), പാടത്തറയിൽ രാജീവ് (34), തട്ടുംപാറയിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന എബിൻ മാത്യു (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ഞായറാഴ്ച മേലേച്ചിന്നാർ ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. മേലെച്ചിന്നാർ നിവാസിയും അബ്കാരി കേസിൽ മുൻ പ്രതിയുമായ പ്ലാക്കൽ ബിജു ചാരായ വിൽപ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ബിജുവിൻ്റെ നേതൃത്വത്തിൽ മേഖലയിൽ വ്യാപകമായി ചാരായ വിൽപന നടക്കുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം ബിജുവും സംഘവും വഴിയിൽ വെച്ച് തടയുകയും വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പിടിച്ചിറക്കി ആക്രമിക്കുകയുമായിരുന്നു. കേസിൽ ഏഴ് പ്രതികളെ മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തങ്കമണി എക്‌സൈസ് ഓഫീസിലെ പ്രിവൻറീവ് ഓഫീസർ അജിത് കുമാർ, ജെയ്‌സൺ, ബിജു, ആൽബിൻ, അഗസ്റ്റിൻ എന്നിവർക്കാണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
أحدث أقدم