ബിൻ ലാദന്റെ പിൻ​ഗാമി, 9/11 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം; അയ്മാൻ അൽ-സവാഹിരി


വാഷിങ്ടൺ: അൽഖ്വയ്ദ നേതാവും അമേരിക്കയെ വിറപ്പിച്ച 9/11 ആക്രമണത്തിന്റെ മുഖ്യ സുത്രധാരന്മാരിൽ ഒരാളുമായ അയ്മാൻ അൽ-സവാഹിരി ഡ്രോൺ ആക്രമണത്തിൽ വധിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. "നീതി നടപ്പായി, ഈ ഭീകര നേതാവ് ഇനിയില്ല." പതിറ്റാണ്ടുകളായി ആഗോള ഭീകര ശൃംഖലയ്ക്ക് പിന്നിലെ പ്രധാന ആശയക്കാരനായിരുന്നു അയ്മാൻ അൽ-സവാഹിരി.

ഈജിപ്റ്റിൽ ജനനം

ഈജിപ്റ്റിലെ കെയ്റോയിൽ ഭേദപ്പെട്ട കുടുംബത്തിലായിരുന്നു അൽ-സവാഹിരിയുടെ ജനനം. കുട്ടിക്കാലം മുതൽക്കെ തന്നെ ഈജിപ്റ്റിലെ തീവ്ര ഇസ്ലാമിക സമൂഹത്തിന്റെ ആശയങ്ങളുടെ സ്വാധീനത്തിലാകുകയും ചെയ്തു. 15ാം വയസിൽ മുസ്ലീം ബ്രദർഹുഡിൽ ചേർന്നതിന് അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

ബിൻലാദന്റെ ഡോക്ടർ

ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് അൻവർ സാദത്തിന്റെ കൊലപാതകത്തിലും 1981ലും ലക്സറിൽ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിന് 1997ലും ഇയാൾ തടവിലാക്കപ്പെട്ടിരുന്നു. പിന്നീട്, ബിൻ ലാദനുമായി പരിചയപ്പെടുകയും പിന്നീട് അൽ-ഖ്വയ്ദയുടെ പ്രധാന തന്ത്രജ്ഞനായി മാറുകയുമായിരുന്നു. അതിന് പുറമെ, ബിൻ ലാദന്റെ സ്വകാര്യ ഡോക്ടറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

സെപ്റ്റംബർ 11 ആക്രമണം

1998ലെ ബിൻലാദന്റെ അമേരിക്കയ്ക്കെതിരെയുള്ള ആക്രമണത്തിനായി പുറപ്പെടുവിച്ച ഫത്വയിൽ ഒപ്പുവച്ച അഞ്ച് പ്രമുഖരിൽ ഒരാളായിരുന്നു അയ്മാൻ അൽ-സവാഹിരി. അമേരിക്കയെ ഞെട്ടിച്ച് സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ പ്രമുഖനും ഇയാൾ തന്നെയായിരുന്നു.

ഭീകരാക്രമണത്തിന് ശേഷം ലാദനേപ്പോലെ തന്നെ അപ്രത്യക്ഷനായ ഇയാൾക്കായുള്ള തെരച്ചിൽ യുഎസ് ശക്തമാക്കിയിരുന്നു. തുടർച്ചയായുള്ള തെരച്ചിലിൽ ഇയാൾ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പലതവണകളായി ഉയർന്ന് വന്നിരുന്നു.

തലയ്ക്ക് 25 മില്യൺ ഡോളർ

അയ്മാൻ അൽ-സവാഹിരിയുടെ തലയ്ക്ക് യുഎസ് പൊന്നുംവിലയാണ് നൽകിയിരുന്നത്. 1998-ലെ ആഫ്രിക്കൻ ആക്രമണത്തിന് ശേഷം ഇയാളുടെ തലയ്ക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളറാണ് പാരിതോഷികവുമായി യുഎസ് പ്രഖ്യാപിച്ചത്. ഇതിനിടെ, 2011 യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെ സവാഹിരി അൽ-ഖ്വയ്ദയുടെ കമാൻഡറായി.

വിമർശനവുമായി താലിബാൻ

അയ്മാൻ അൽ-സവാഹിരിയ്ക്ക് മേൽ ആക്രമണം സ്ഥിരീകരിച്ച് താലിബാനും രംഗത്തുവന്നിട്ടുണ്ട്. താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, അൽ-ഖ്വയ്ദ കമാൻഡറിന്റെ കൊലയ്ക്ക് പിന്നാലെ താലിബാൻ ആണ് അഫ്ഗാനിൽ സവാഹിരിക്ക് അഭയം നൽകിയിരുന്നത് എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

أحدث أقدم