കാസർകോട്: പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കെ പി സുശീല നഗറിലെ ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ ( 36 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. നീലകണ്ഠനും സഹോദരി ഭര്‍ത്താവ് ഗണേശനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം ഗണേഷൻ ഒളിവിൽ പോയി. ബംഗളൂരു സ്വദേശിയാണ് ഗണേശൻ. നീലകണ്ഠൻ്റെയും ഗണേശൻ്റെയും ഭാര്യമാരും മക്കളും രണ്ടുമാസമായി ബംഗളൂരുവിലാണ്. നിലകണ്ഠന്റെ മരുമക്കളാണ് ഇവർക്കു ദിവസവുമുള്ള ആഹാരം എത്തിക്കുന്നത്. പതിവുപോലെ തിങ്കളാഴ്ച രാവിലെ ആഹാരവുമായി എത്തിയപ്പോൾ വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. ഇതേ തുടർന്ന് സംശയം തോന്നിയ മരുമക്കൾ നാട്ടുകാരെ വിളിച്ചു കൂട്ടി വാതിൽ തള്ളിത്തുറന്നു. അപ്പോഴാണ് മുറിയിൽ മരിച്ചു കിടക്കുന്ന നീലകണ്ഠനെ കണ്ടത്.
കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം. എന്നും പ്രഭാതസവാരി നടത്തിവരുന്ന ഗണേശൻ ഇന്ന് തിരിച്ചെത്തിയില്ല. കൊല നടത്തി ഒളിവിൽ പോയതാകമെന്ന് സംശയിക്കുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ് നീലകണ്ഠൻ. ആശയാണ് ഭാര്യ. ഒരു മകളുണ്ട്.