കോട്ടയം: കോട്ടയം ഇന്നും റെഡ് അലേർട്ടിൽ തന്നെയാണ്. ആകാശം മേഘാവൃതമാണ്. മഴയ്ക്ക് നേരിയ ശമനം വന്ന് തുടങ്ങിയത് മലയോരത്ത് ആശ്വാസം നൽകുമ്പോൾ പടിഞ്ഞാറൻ പ്രദേശങ്ങൾ ദുരിതത്തിലേക്ക്.
കോട്ടയത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
മീനച്ചിലാറിൻ്റെയും, കൈവഴികളിലൂടെയും ഒഴുകി എത്തുന്ന വെള്ളം പേരൂർ, നീലിമംഗലം, നാഗമ്പടം, താഴത്തങ്ങാടി, തിരുവാർപ്പ്, ഇല്ലിക്കൽ ഭാഗങ്ങളിൽ ജലനിരപ്പുയർത്തുവാൻ കാരണമായിട്ടുണ്ട്. വീടുകളിലും വെള്ളം എത്തി തുടങ്ങിയിട്ടുണ്ട്.
ഈ ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ ജലം അപകടനിരപ്പിന് മുകളിലാണ് നിലവിലുള്ളത്. ഇന്നലെ രാത്രിയോടെ മിക്കവാറും പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
തിരക്കേറിയ ഇല്ലിക്കൽ കവലയിൽ വൈകുന്നേരത്തോടെ തന്നെ റോഡിൽ വെള്ളം കയറി. താഴ്ന്ന പ്രദേശത്തെ വീടുകളിലും വെള്ളം കയറിട്ടുണ്ട്. ഈ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കുകയാണ്.
ഇന്നലെ പകൽ കാര്യമായി പെയ്യാതിരുന്ന മഴ സന്ധ്യയോടെ വീണ്ടും ആരംഭിച്ചെങ്കിലും ശക്തി കുറവായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു.
തീക്കോയിയിലും, ചെറിപ്പാടും ജലനിരപ്പ് താഴ്ന്നു. മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്.
മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് താഴുകയാണ്.
ഇവിടെയും മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പെന്നത് ആശ്വാസം നൽകുന്നു.