ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി. ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗര്‍ ആണ് വെങ്കലം നേടിയത്. ഇത് കൂടാതെ ജൂഡോയില്‍ രണ്ട് മെഡലുകള്‍ കൂടിയും ഇന്ത്യ നാലാം ദിനം നേടി.
ഭാരോദ്വഹനത്തില്‍ 71 കിലോഗ്രാം വിഭാഗത്തിലാണ് ഹര്‍ജിന്ദര്‍ വെങ്കലം നേടിയത്. ജൂഡോയില്‍ സുശീല ദേവി വെള്ളി നേടിയപ്പോള്‍ വിജയ് കുമാര്‍ വെങ്കലത്തിലേക്ക് എത്തി. ഇതോടെ നാലാം ദിനം ഇന്ത്യയുടെ മെഡല്‍ വേട്ട 9 ആയി.
സ്‌നാച്ചില്‍ 93 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോഗ്രാമുമാണ് ഹര്‍ജിന്ദര്‍ കൗര്‍ ഉയര്‍ത്തിയത്. ജുഡോയിലെ വനിതകളുടെ 48 കിലോഗ്രാം ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ താരത്തോടാണ് സുശീല ദേവി തോറ്റത്.
പുരുഷന്മാരുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ഫൈനലില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളികള്‍. ബാഡ്മിന്റണ്‍ മിക്‌സഡില്‍ ജയിച്ച ഇന്ത്യന്‍ സംഘം ഫൈനലില്‍ മലേഷ്യയെ നേരിടും.