കോഴിക്കോട്: കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുമെതിരായ രൂക്ഷ വിമർശനത്തിന് മൂർച്ച കൂട്ടി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. മാർക്സിയൻ തത്വശാസ്ത്രത്തിന്റെ ശിൽപ്പിയായ കാറൽ മാർക്സിനെതിരെ അതിരൂക്ഷ വിമർശനമാണ് മുനീർ ഉന്നയിച്ചത്. മാർക്സ് കടുത്ത അരാജകവാദിയാണ്. മദ്യത്തിന് അടിമയായിരുന്നു മാർക്സ്. ഇത്രയും വൃത്തിഹീനനായ മനുഷ്യൻ ഈ ഭൂലോകത്ത് ഉണ്ടായിട്ടില്ലെന്നും മുനീർ പറഞ്ഞു. കോഴിക്കോട് എം എസ് എഫ് വേദിയിൽ നടത്തിയ വിമർശനത്തിന് തുടർച്ചയായാണ് മുനീറിന്റെ പരാമർശം.
ലിംഗ സമത്വം എന്ന പേരിൽ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ചെയ്യുന്നത് എന്ന് മുനീർ പറഞ്ഞു. ലിംഗസമത്വത്തിന്റെ പേരിലാണ് യൂണിഫോം ഏകീകരണമെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്ന് മുനീർ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നായിരുന്നു മുനീറിന്റെ ചോദ്യം.
ഫ്രീ സെക്സിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങൾ എന്ന് സ്കൂളുകൾക്ക് മുന്നിൽ ബോർഡ് വെച്ചിരിക്കുന്നവരാണ് എസ് എഫ് ഐക്കാർ. സ്ത്രീയും പുരുഷനും തമ്മിൽ ഉള്ളത് പ്രണയമല്ല, അവർ അടുക്കുന്നത് സെക്സിന് വേണ്ടിയാണ് എന്നാണ് ഏംഗൽസ് പറഞ്ഞിട്ടുള്ളത്. ഈ ആശയം പിന്തുടരുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ യൂണിഫോം ഏകീകരിക്കുകയും അതുവഴി അരാജക ആശയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും മുനീർ പറഞ്ഞു.
കമ്മ്യൂണിസം സ്ഥാപിച്ച നേതാക്കൾ സാമൂഹികമായി പരിമിതികൾ ഉള്ളവരായിരുന്നു. ആ പരിമിതികൾ അവരുടെ ആശയത്തിനും നേതാക്കൾക്കും നിലപാടുകൾക്കും ഉണ്ടെന്നും അതിൽ നിന്നും അവർക്ക് മാറി ചിന്തിക്കാൻ കഴിയില്ലെന്നും എം കെ മുനീർ വിശദീകരിച്ചു.