✒️ റിപ്പോർട്ട് : ജോവാൻ മധുമല
കൂരോപ്പട: കൂരോപ്പട പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അതിരൂക്ഷമായ പേപ്പട്ടി ശല്യം. പ്രദേശത്തെ അഞ്ചു പേരെയാണ് വ്യാഴാഴ്ച വൈകിട്ട് പേപ്പട്ടി ആക്രമിച്ചത്. പ്രദേശവാസിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ അജയൻ പി.ടിയ്ക്കാണ് ഉച്ചയോടെ ആദ്യമായി കടിയേറ്റത്. പിന്നീട്, പ്രദേശത്തെ അഞ്ചോളം ആളുകളെയും പേപ്പട്ടി ആക്രമിച്ചു. നായയുടെ കടിയേറ്റവരെല്ലാം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൂരോപ്പട കൂവപ്പൊയ്ക്ക് അരുവിക്കുഴി പ്രദേശങ്ങളിൽ പേപ്പടിയുടെ ആക്രമണം ഉണ്ടായത്. ടൈൽ ജോലി ചെയ്യുന്ന അജയൻ ഈ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് പിന്നിൽ നിന്നും എത്തിയ നായ കടിച്ചത്. ഇവിടെ നിന്നും ഓടിപ്പോയ നായ പ്രദേശത്തുള്ള അഞ്ചോളം പേരെ ആക്രമിച്ചു. ഇവരെയെല്ലാം നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൂരോപ്പട പ്രദേശത്ത് നായ്ക്കളുടെ അതിരൂക്ഷമായ ശല്യമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അൻപതോളം തെരുവുനായ്ക്കളാണ് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ഇത് കുട്ടികളും സ്ത്രീകളും അടക്കമുള്ള സാധാരണക്കാർക്ക് ദുരിതമായി മാറിയിട്ടുണ്ട്. കൂരോപ്പട കവലയിൽ അടക്കം രാത്രിയിൽ നായ്ക്കൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ നായ്ക്കളെ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.അതേസമയം പാമ്പാടി പൊത്തൻപുറം പ്രദേശത്ത് പേപ്പട്ടിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു