തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു പുറത്തിറക്കിയ അറിയിപ്പില്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്. കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.
നദികളില്‍ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു.റാന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. കാഞ്ഞിരപ്പിള്ളി കോരുത്തോട് ക്രോസ് വേ വെള്ളത്തിലായി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയില്‍ തുടരുന്നു. ആലപ്പുഴചങ്ങനാശ്ശേരി റോഡില്‍ വാഹനയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. അഴുതയാര്‍ കരകവിഞ്ഞത്തോടെ കോരുത്തോട് മൂഴിക്കല്‍ കോ സ്‌വേ വെള്ളത്തിനടിയിലായി.പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഭരണങ്ങാനം വിളക്കുമാടം റോഡില്‍ വെള്ളക്കെട്ടുണ്ട്. കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടലുണ്ടായത്. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ മടക്കത്താനത്ത് വെള്ളം കയറി.
പറമ്പിക്കുളം ഡാമില്‍നിന്നുള്ള നീരൊഴുക്ക് കൂടിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാം ഷട്ടര്‍ തുറന്നു.ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. തൊടുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.