വിവാദമായ ഡാറ്റാ സംരക്ഷണ ബില്‍ പിന്‍വലിച്ചു; പുതിയ നിയമം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍




ന്യൂ‍ഡൽഹി: വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പകരം പുതിയ ബിൽ കൊണ്ടുവരും. 

സംയുക്ത പാർലമെന്ററി സമിതി ബില്ലിൽ 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുൻപോട്ട് വെച്ചിരുന്നു. ബിൽ പിൻവലിക്കാൻ ലോക്സഭ അനുമതി നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ പിൻവലിക്കാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത്. രാജ്യാന്തര ടെക് കമ്പനികളും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവര സുരക്ഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ സർക്കാർ ഏജൻസികൾക്ക് ഇളവു നൽകുന്ന നിർദേശവും ഉൾപ്പെടുത്തിയാണ് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്. എന്നാൽ സമിതിയിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എംപിമാർ ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി. 

2019 ഡിസംബർ 11 നാണ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഈ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് ബിൽ പാർലമെന്ററി കമ്മിറ്റിക്ക് അയച്ചത്.
أحدث أقدم