കരിങ്കൊടി കാണിച്ചാൽ ജയിലിലാക്കണോ.? സര്‍ക്കാറിനോട്‌ വിശദീകരണം തേടി ഹൈക്കോടതി.



കൊച്ചി: പ്രതിഷേധത്തിന്‍റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി. കലൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പോലീസിന്‍റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി. മുഖ്യമന്ത്രി വരുന്നു എന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ഥലത്ത് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പ് അണിച്ച്‌ വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റകൃത്യമല്ലെന്നും ഇതിന്‍റെ പേരില്‍ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
      ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയ കോടതി ഹര്‍ജി ഈ മാസം 11ലേക്ക് മാറ്റി. സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളുമായി സ്വപ്ന എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ സദസ്സിലോ പോലും ഒരു കറുപ്പ് തുണി കൊണ്ടുപോകാനോ കാണാനോ ഇടയാക്കാതെ ആയിരുന്നു പോലീസിന്റെ മുന്‍കരുതല്‍. ഇതിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിച്ചവരെ, അത് അഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും കറുപ്പ് വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തതുമടക്കം നിരവധി സംഭവങ്ങളാണ് ഈ സമയത്ത് നടന്നത്. ഇതിനു പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡറുകളെ കസ്റ്റഡിയിലെടുത്തതും വിവാദമായതും.
أحدث أقدم