രാജി വെക്കുമോ വീണ്ടുമൊരു മാർപാപ്പ? സാധ്യത തള്ളാതെ പോപ് ഫ്രാൻസിസ്; 'വിചിത്രമായൊന്നുമില്ല'


ഒട്ടാവ: ആരോഗ്യപ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്നും തനിക്ക് രാജിവെക്കേണ്ടി വന്നാൽ അതിൽ അസാധാരണമായി ഒന്നുമില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. കാനഡയിലെ ആറു ദിവസം നീണ്ട ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കുന്ന വേളയിലാണ് മാർപാപ്പയുടെ വാക്കുകൾ. വീൽചെയറിലുള്ള യാത്ര സുഗമമായിരുന്നില്ലെന്ന സൂചന നൽകിയ മാർപാപ്പ തന്നെക്കൊണ്ട് കഴിയാവുന്നതിൻ്റെ പരമാവധിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടിൻ്റെ ലിഗ്മെൻ്റുകൾക്ക് പ്രശ്നമുണ്ടെന്നും തന്നെക്കൊണ്ട് ഇത്തരത്തിൽ യാത്ര ചെയ്യാനാകില്ലെന്നും വിശ്രമം വേണ്ടി വന്നേക്കുമെന്നും മാർപാപ്പ വ്യക്തമാക്കി. താൻ രാജിവെക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും എന്നാൽ ഒരു മാർപാപ്പയ്ക്ക് രാജിവെക്കേണ്ടി വന്നാൽ അതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. "ഇതിൽ വിചിത്രമല്ല. ഇതൊരു ദുരന്തവുമല്ല. നിങ്ങൾക്ക് മാ‍ര്‍പാപ്പയെ മാറ്റാനാകും." വിമാനത്തിൽ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മാര്‍പാപ്പ പറഞ്ഞു. രാജിവെക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ പൊതുപരിപാടികളിൽ നിന്നു വിട്ടുനിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു.

"എൻ്റെ പ്രായത്തെപ്പറ്റിയും ഈ പരിമിതികളെപ്പറ്റിയുമാണ് ഞാൻ ചിന്തിക്കുന്നത്. സഭയെ സേവിക്കാനായി എൻ്റെ ഊ‍ര്‍ജം ഞാൻ മാറ്റിവെക്കണോ അതോ മാ‍ര്‍പാപ്പ സ്ഥാനം രാജിവെക്കണോ എന്നാണ് ഞാൻ ആലോചിക്കുന്നത്." മാ‍ര്‍പാപ്പ മാധ്യമങ്ങളോടു പറഞ്ഞു. ഫ്രാൻസിസ് മാര്‍പാപ്പ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സാധ്യതകൾ തള്ളാതെയും നിലപാട് വ്യക്തമാക്കിയും അദ്ദേഹത്തിൻ്റെ വാക്കുകൾ.

2013ൽ ബെനഡിക്ട് പതിനാറാമൻ മാ‍ര്‍പാപ്പ രാജിവെച്ചതോടെയാണ് ഫ്രാൻസിസ് മാര്‍പാപ്പ സ്ഥാനമേറ്റെടുത്തത്. 85-ാം വയസ്സിൽ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തിയ മാ‍ര്‍പാപ്പ അന്താരാഷ്ട്ര വാ‍ര്‍ത്തകളിൽ ഇടംപിടിച്ചിരുന്നു. സാധാരണയായി മാര്‍പാപ്പമാരുടെ മരണശേഷമാണ് അടുത്ത മാര്‍പാപ്പ സ്ഥാനമേറ്റെടുക്കുന്നത്. ഒൻപത് വര്‍ഷത്തിനു ശേഷം രണ്ടാമതൊരു മാ‍ര്‍പാപ്പ കൂടി രാജി വെക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മാര്‍പാപ്പമാരുടെ രാജി അപൂര്‍വം

കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാൽ ഇതുവരെ രണ്ട് മാര്‍പാപ്പമാര്‍ മാത്രമാണ് രാജിവെച്ചിട്ടുള്ളത്. രാജിപ്രഖ്യാപനം നടത്തിയാൽ സ്ഥാനമൊഴിയുന്ന മൂന്നാമത്തെ മാര്‍പാപ്പ എന്ന വിശേഷണത്തിന് ഫ്രാൻസിസ് അര്‍ഹനാകും. എന്നാൽ തുടര്‍ച്ചയായി രണ്ട് മാര്‍പാപ്പമാര്‍ മരണത്തിനു മുൻപു സ്ഥാനമൊഴിയുന്നു എന്ന ചരിത്രം കൂടി സൃഷ്ടിക്കപ്പെടും. ആരോഗ്യപ്രശ്നങ്ങൾ മുൻനിര്‍ത്തി മാര്‍പാപ്പമാര്‍ രാജിവെക്കുന്നു എന്ന പുതിയ സാധ്യത കൂടിയായാണ് പോപ് ഫ്രാൻസിസ് തുറന്നിടുന്നത്.

ജോൺ പോള്‍ രണ്ടാമൻ മാര്‍പാപ്പയുടെ ആരോഗ്യനില വഷളായ കാലത്ത് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചു കൂടിയ ജനാവലി മറക്കാവുന്ന കാഴ്ചയല്ല. എന്നാൽ രണ്ട് പതിറ്റാണ്ടിനിടെ ആഗോള കത്തോലിക്കാ സഭയുടെ മുഖം ഏറെ മാറിയിട്ടുണ്ട്. അതേസമയം, മാര്‍പാപ്പമാര്‍ മരണം വരെ അധികാരത്തിൽ തുടരുക എന്നത് കത്തോലിക്കാ സഭയിൽ കേവലം ഒരു പതിവല്ല. വിശുദ്ധ പത്രോസിൻ്റെ പിൻഗാമി, ആഗോള ഇടയൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് മാ‍ര്‍പാപ്പമാര്‍ അര്‍ഹരാണ്. ഒരേ സമയം (സ്ഥാനമൊഴിഞ്ഞാലും ഇല്ലെങ്കിലും) ഒന്നിലധികം മാര്‍പാപ്പമാര്‍ ജീവിച്ചിരിക്കുന്നത് ഈ പദവികൾക്ക് വലിയൊരു ഭീഷണിയാണ്.

أحدث أقدم